കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനം ജുവനൈൽ ആൻഡ് ചിൽഡ്രൻസ് ഹോമിൽനിന്ന് രണ്ടു ദിവസത്തിനിടെ ഇറങ്ങിപ്പോയത് ആറ് പെൺകുട്ടികൾ. എല്ലാവരെയും പൊലീസ് കണ്ടെത്തി തിരിച്ചെത്തിച്ചു. ശനിയാഴ്ച രാവിലെ 11മണിയോടെയാണ് മൂന്ന് പെൺകുട്ടികളെ ആദ്യം കാണാതായത്. കഞ്ഞിക്കുഴിയിൽനിന്ന് ബസിൽ കയറിപ്പോവുന്നത് കണ്ടതായി ചിലർ പറഞ്ഞതിനാൽ വനിത പൊലീസിെൻറ നേതൃത്വത്തിൽ ബസുകളിൽ തിരച്ചിൽ തുടങ്ങി.
മാങ്ങാനത്തുതന്നെയുള്ള റബർതോട്ടത്തിൽ കുട്ടികളെ കണ്ടെന്ന വിവരത്തെത്തുടർന്ന് പിങ്ക് പൊലീസിെൻറ ജനമൈത്രി ടീമിൽപെട്ട മറ്റൊരു സംഘം അവിടേക്ക് തിരിച്ചു. റബർതോട്ടത്തിലെത്തിയ പൊലീസിനെക്കണ്ട് പെൺകുട്ടികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, അതിന് അനുവദിക്കാരെ അവരെ പിടികൂടി വനിത സ്റ്റേഷനിലെത്തിച്ചു. തുടർന്ന് സ്ഥാപന അധികൃതർക്കൊപ്പം വിട്ടയച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീണ്ടും മൂന്നുപെൺകുട്ടികൾ കടന്നുകളഞ്ഞത്. സ്ഥാപനത്തിെൻറ വാതിൽ തുറന്നപ്പോൾ ഓടിപ്പോയെന്നാണ് അധികൃതർ പറയുന്നത്.
ഇവർ പെൺകുട്ടികളിലൊരാളുടെ പാമ്പാടി വെള്ളൂരിലുള്ള വീട്ടിത്തെിയതായി വീട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് വനത പൊലീസും സ്ഥാപന അധികൃതരും ചെന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ജുവനൈൽ ഹോമിന് സമീപത്തുനിന്ന് ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലെത്തിയെന്നാണ് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ട്രെയിനിൽ കയറി ഏറ്റുമാനൂരിൽ ഇറങ്ങി. അവിടെനിന്ന് വെള്ളൂരിലെ വീട്ടിലേക്ക് ഓട്ടോയിൽപോയി. ഓട്ടോയുടെ ചാർജ് വീട്ടുകാരാണ് കൊടുത്തതെന്നും കുട്ടികൾ പറയുന്നു. രാത്രിതന്നെ വീട്ടിൽചെന്ന പൊലീസ് പുലർച്ച നാലരയോടെ ഇവരുമായി സ്റ്റേഷനിൽ തിരിച്ചെത്തി. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തതിനാൽ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയശേഷം തിരിച്ച് സ്ഥാപനത്തിന് കൈമാറും.
മാനസിക പീഡനമെന്ന് കുട്ടികൾ
മാങ്ങാനം ജുവനൈൽ ആൻഡ് ചിൽഡ്രൻസ് ഹോമിൽനിന്ന് ഇറങ്ങിപ്പോകാൻ കാരണം മാനസിക പീഡനമാണെന്ന് പെൺകുട്ടികൾ.തിരിച്ചെത്തിയ ആറ് പെൺകുട്ടികളും പൊലീസിനോട് പറഞ്ഞതാണിക്കാര്യം. സ്ഥാപനത്തിലുള്ളവർ മോശമായി പെരുമാറുന്നു, വഴക്കുപറയുന്നു തുടങ്ങിയ കാരണങ്ങളാണ് കുട്ടികൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കുട്ടികൾ പറഞ്ഞാൽ അനുസരിക്കുന്നില്ലെന്നാണ് സ്ഥാപന ജീവനക്കാരുടെ വാദം.
സ്കൂളിൽനിന്ന് കാണാതായ വിദ്യാർഥിനികളെ കണ്ടെത്തി
കോട്ടയം: നഗരമധ്യത്തിലെ സ്കൂളിൽനിന്ന് കാണാതായ വിദ്യാർഥിനികളെ കണ്ടെത്തി. എട്ട്, ഒമ്പത്, 10 ക്ലാസിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്.
രണ്ടു അസം സ്വദേശികളായ പെൺകുട്ടികളെയും ഇവരോടൊപ്പം പഠിക്കുന്ന ഒരുമലയാളി പെൺകുട്ടിയെയുമാണ് കാണാതായത്. സ്കൂളിലേക്കെന്ന പേരിൽ വീട്ടിൽനിന്ന് ഇറങ്ങിയ ഇവർ എത്താതെ വന്നതോടെ അധികൃതർ മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു.
തുടർന്ന്, മാതാപിതാക്കൾ വെസ്റ്റ് പൊലീസിൽ പരാതിനൽകി. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ കൂടി കാണാനില്ലെന്നും അറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികളിൽ ഒരാളെ നഗരത്തിലെ തിയറ്ററിൽനിന്ന് കണ്ടെത്തി. അസം സ്വദേശികളായ പെൺകുട്ടികളെ വൈകുന്നേരത്തോടെ മേലുകാവിൽനിന്ന് കണ്ടെത്തി. മുൻ ഹോസ്റ്റൽ വാർഡനെ കാണാൻ പോയതാണെന്നാണ് ഇവർ അറിയിച്ചതെന്ന് വെസ്റ്റ് എസ്.ഐ ടി. ശ്രീജിത് പറഞ്ഞു. കുട്ടികളെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.