കോട്ടയം: ഇടവേളയില്ലാതെ പെയ്യുന്ന കാലവർഷത്തിൽ ജില്ല ജല നിറവിൽ. സീസണിൽ ഇതുവരെ ലഭിക്കേണ്ട മഴ കോട്ടയത്ത് പെയ്തിറങ്ങിയതായി കണക്കുകൾ. കാലാവസ്ഥവകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ ഒന്ന് മുതൽ ശനിയാഴ്ച വരെ 1581.2 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. ലഭിക്കേണ്ട മഴയിൽ രണ്ട് ശതമാനത്തിന്റെ നേരിയ കുറവ് മാത്രമാണ് നിലവിലുള്ളത്.
ചെറിയ കുറവുണ്ടെങ്കിലും ഇതുവരെ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ച ജില്ലയായിട്ടാണ് കോട്ടയത്തെ കണക്കാക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതർ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് ഒമ്പത് ശതമാനത്തിന്റേതായിരുന്നു കുറവ്.
കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയാണ് ഈ കുറവ് നികത്തിയത്. കാലവർഷ സീസൺ അവസാനിക്കാൻ ഒരുമാസം ബാക്കിനിൽക്കെ, ദിവസങ്ങൾക്കുള്ളിൽ അധികമഴ ലഭിക്കുന്ന ജില്ലയായി കോട്ടയം മാറുമെന്നാണ് കണക്കുകൂട്ടൽ. ജൂൺ ആദ്യ ദിവസങ്ങളിൽ ശക്തമായ മഴയായിരുന്നു ജില്ലയിൽ ലഭിച്ചത്. പിന്നീട് ശക്തി കുറഞ്ഞു. എന്നാൽ, ആഗസ്റ്റിൽ ഒട്ടുമിക്ക ദിവസങ്ങളിലും മഴ പെയ്തു.
മികച്ച വേനൽമഴക്ക് പിന്നാലെയാണ് കാലവർഷവും ജില്ലയിൽ കനിയുന്നത്. വേനൽ മഴയിൽ കോട്ടയം റെക്കോഡിട്ടിരുന്നു. മാർച്ച് ഒന്ന് മുതൽ മേയ് 31 വരെ 839.7 മില്ലി മീറ്റർ മഴ കോട്ടയത്ത് പെയ്തു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴയായിരുന്നു ഇത്. തീക്കോയിലായിരുന്നു ഏറ്റവും കൂടുതൽ ലഭിച്ചത്. ഈരാറ്റുപേട്ട, കോഴാ, പൂഞ്ഞാർ, വൈക്കം, മുണ്ടക്കയം, കോട്ടയം, കുമരകം, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളും സംസ്ഥാനത്ത് കൂടുതൽ വേനൽമഴ ലഭിച്ച പട്ടികയിൽ ആദ്യ സ്ഥാനെത്തെത്തിയിരുന്നു.
മേയ് പകുതിവരെ വേനല്‍ മഴയുടെ അളവ് ജില്ലയില്‍ 17 ശതമാനം കുറവായിരുന്നു. എന്നാൽ, മേയ് അവസാന ആഴ്ചയിലെ കനത്ത മഴയോടെയാണ് വേനൽ സീസണിൽ കോട്ടയം റെക്കോഡിലേക്ക് എത്തിയത്.
അതേസമയം, കാലവർഷത്തിൽ സംസ്ഥാനത്ത് 11 ശതമാനം മഴക്കുറവാണ് നിലവിലുള്ളത്. 1746.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1560.7 മഴയാണ് പെയ്തത്. അടുത്തദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥവകുപ്പിന്റെ പ്രവചനം. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ -ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്ന്വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.