വൈക്കം: തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് (ഡി.ബി) കോളജിന്റെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. കോളജിലെ മലയാളം വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പിന്നിലുള്ള ഭൂമി തരിശിടങ്ങളിൽ കൃഷി ചെയ്യാനുള്ള കൃഷി വകുപ്പ് നിർദേശത്തിന്റെ മറവിൽ കൈയേറിയതായാണ് ആക്ഷേപം. മലയാളം, പൊളിറ്റിക്സ് വിഭാഗങ്ങളുടെയും മൈതാനത്തിന്റെയും അതിര്‍ത്തിക്ക് അപ്പുറത്ത് ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലമാണ്. ഇവിടെ സ്വകാര്യ കര്‍ഷക ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പൈനാപ്പിൾ കൃഷിക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തലയോലപ്പറമ്പ്-എറണാകുളം റോഡില്‍നിന്ന് വഴി നിർമിക്കുകയും വാരം കീറുകയും ചെയ്തിട്ടുണ്ട്.
ഈ പണിക്കിടയിലാണ് കോളജിന്റെ ഭൂമിയിലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉഴുതുമറിച്ചത്. മണ്ണ് നിവര്‍ത്തുന്നതിനിടെ ഇവിടെ ഉണ്ടായിരുന്ന മരങ്ങളും മറ്റും നശിപ്പിക്കപ്പെട്ടു. വില്ലേജിൽനിന്ന് ലഭിച്ച റീ സര്‍വേ സ്കെച്ച് ഉപയോഗിച്ച് അളവ് നടത്തിയതിലും കൈയേറ്റം വ്യക്തമാണ്.
പ്രിന്‍സിപ്പൽ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമീഷണര്‍ക്ക് പരാതി നല്‍കിതിനെ തുടര്‍ന്ന് ബോര്‍ഡ് വിജിലന്‍സ് വിഭാഗം സ്ഥലത്തെത്തി പരിശോധ നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദേവസ്വം ലാന്‍ഡ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ അളന്ന് തിട്ടപ്പെടുത്തിയാല്‍ മാത്രമേ എത്രത്തോളം കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാകൂ. എത്രയും വേഗം ഭൂമി അളക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഡി.ബി കോളജ് യൂനിറ്റ് ആവശ്യപ്പെട്ടു.
ഭൂമി കൈയേറ്റത്തിനെതിരെ കോളജിലെ അധ്യാപക-അനധ്യാപക-വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഹരി നാരായണൻ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. ആർ. അനിത, ഡോ. ആശിഷ് മാര്ട്ടിൻ ടോം, ഡോ. വിജയ് കുമാർ, സൂപ്രണ്ട് ഇൻ ചാര്‍ജ് കെ.കെ. ഹരിലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.