വൈക്കം: വൈക്കത്തുനിന്ന് ചെന്നൈയിലേക്കും വേളാങ്കണ്ണിയിലേക്കും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ആരംഭിക്കുന്ന ബസ് സർവിസ് ജനുവരി ഒന്നിന് തുടങ്ങും. ഇരുബസുകളുടെയും റൂട്ടും സമയവും നിരക്കും പ്രഖ്യാപിച്ചു. ഇരുറൂട്ടുകളിലും അൾട്രാ ഡീലക്സ് ബസാകും സർവിസ് നടത്തുകയെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. ഇത് സംബന്ധിച്ച് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ ഫോണിൽ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
വൈക്കത്തുനിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയുമാണ് നിരക്ക്. വൈക്കത്തുനിന്ന് വൈകീട്ട് 3.30ന് പുറപ്പെടുന്ന ബസ് കോട്ടയം, കുമളി, തേനി, ദിൻഡിഗൽ, ട്രിച്ചി വഴി പിറ്റേന്ന് രാവിലെ എട്ടിന് ചെന്നൈയിൽ എത്തും. ചെന്നൈയിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 8.30ന് വൈക്കത്തെത്തും. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ചെന്നൈ ഡിപ്പോയിലെ ബസാണ് സർവിസ് നടത്തുക.
വൈക്കത്തുനിന്ന് വൈകീട്ട് നാലിനാണ് വേളാങ്കണ്ണി ബസ് പുറപ്പെടുക. കോട്ടയം, തെങ്കാശി, മധുര, തഞ്ചാവൂർ വഴി പിറ്റേന്ന് രാവിലെ 7.45 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽനിന്ന് വൈകീട്ട് 4.30 ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 8.15 ന് വൈക്കത്ത് എത്തും. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ നാഗപട്ടണം ഡിപ്പോയിലെ ബസുകളാണ് വേളാങ്കണ്ണി സർവിസിന് ഉപയോഗിക്കുക.
ചെന്നൈയിലും തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്കും ജോലിചെയ്യുന്നവർക്കും, തീർഥാടകർക്കും ഈ സർവിസുകൾ ഏറെ പ്രയോജനപ്പെടുമെന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി. തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടന വേദിയിൽ ഈ ആവശ്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എം.പി നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.