കോഴിക്കോട്: സി.പി.എം ജില്ല സമ്മേളനം ജനുവരി 10 മുതൽ മൂന്നുദിവസം കോഴിക്കോട് നടക്കും. 16 ഏരിയ സമ്മേളനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 208 പ്രതിനിധികളും 42 ജില്ല കമ്മിറ്റി അംഗങ്ങളും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 253 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം എം. കേളപ്പൻ നഗറിലാണ് (സമുദ്ര ഓഡിറ്റോറിയം) നടക്കുക.
കഴിഞ്ഞ സമ്മേളന കാലയളവിനിടയിൽ 12,320 അംഗങ്ങൾ വർധിച്ചതായി സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. 357 ബ്രാഞ്ച് സെക്രട്ടറിമാരും അഞ്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും വനിതകളാണ്. 16 ഏരിയ കമ്മിറ്റികളിലായി 36 വനിതകൾ അംഗങ്ങളായുണ്ട്.
ഈ പങ്കാളിത്തമനുസരിച്ച് ജില്ല കമ്മിറ്റിയിലും വനിതകൾക്ക് പ്രാതിനിധ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 10ന് രാവിലെ 10ന് പി.ബി അംഗം പിണറായി വിജയൻ പ്രതിനിധി സമ്മേളനത്തിെൻറ ഉദ്ഘാടനം നിർവഹിക്കും. പൊതുചർച്ചക്കും മറുപടിക്കും ശേഷം 12ന് രാവിലെ പുതിയ ജില്ല കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. വൈകീട്ട് അഞ്ചിന് ഇ.എം.എസ് നഗറിൽ (ഫ്രീഡം സ്ക്വയർ) നടക്കുന്ന പൊതുസമ്മേളനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10,000 പേർ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും. പിണറായി മൂന്നുദിവസങ്ങളിലും ആദ്യവസാനം സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി ജനുവരി ഒന്നിന് ഫ്രീഡം സ്ക്വയറിലും കൾചറൽ ബീച്ചിലും സാംസ്കാരികോത്സവം സംഘടിപ്പിക്കും. കവി കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. ജനുവരി മൂന്നിന് ടൗൺഹാളിൽ 'സ്ത്രീ സമത്വം, സ്വാതന്ത്ര്യം'എന്ന വിഷയത്തിൽ സെമിനാർ നടക്കും. അഞ്ചിന് 'കമ്യൂണിസത്തിെൻറ ഭാവിയും വർത്തമാന ലോകവും' എന്ന വിഷയത്തിൽ പി.ബി അംഗം എം.എ. ബേബിയുടെ പ്രഭാഷണമുണ്ടാകും.
ഏഴിന് പ്രവാസിസംഗമം നടക്കും. എട്ടിന് വൈകീട്ട് അഞ്ചിന് കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 'നിയോലിബറൽ നയങ്ങൾക്ക് കേരളത്തിെൻറ ബദൽ' എന്ന സെമിനാർ ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അന്നുതന്നെ കുറ്റിച്ചിറയിൽ 'മലബാർ കലാപത്തിെൻറ പാഠങ്ങൾ' എന്ന സെമിനാർ കെ.ടി. ജലീൽ എം.എൽ.എയും സഹകരണ സെമിനാർ മന്ത്രി വാസവനും ഉദ്ഘാടനം ചെയ്യും. കല്ലായിയിൽ ഫുട്ബാൾ ടൂർണമെൻറും മുതലക്കുളത്ത് അഖില കേരള വടംവലി മത്സരവും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ സമ്മേളന കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കൺവീനർ എ. പ്രദീപ്കുമാർ, രക്ഷാധികാരി കെ.പി. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
കോഴിക്കോട്: കെ. റെയിൽ സമരത്തിനു പിന്നിൽ വികസന വിരുദ്ധരാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഇവരുടെ തെറ്റായ പ്രചാരണങ്ങൾക്കെതിരെ സി.പി.എം ബോധവത്കരണം നടത്തും. കേരളത്തിെൻറ പൊതുവികസനം സംബന്ധിച്ച് ഗൗരവമായ ചർച്ചയാണ് സി.പി.എം സമ്മേളനത്തിലുണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും സമ്മേളനം.
മുസ്ലിം ലീഗ് റാലിയിൽ അത് ലംഘിച്ചതുകൊണ്ടാകാം പൊലീസ് കേസെടുത്തത്. പൊതുസമ്മേളനത്തിൽ പ്രവർത്തകരെ കുറക്കാൻ ഏരിയ തലങ്ങളിൽ നടക്കുന്ന വെർച്വൽ റാലികളിൽ രണ്ടു ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.