കോഴിക്കോട്: രാമനാട്ടുകര - വെങ്ങളം ബൈപാസിൽ ഇതുവരെ പൊലിഞ്ഞത് 150ഓളം ജീവനുകൾ. 28 കിലോമീറ്റർ ദൂരമുള്ള പാതയിൽ ഏഴുവർഷത്തിനിടെയാണ് ഇത്രയും പേർക്ക് ദാരുണാന്ത്യമുണ്ടായത്. അകടങ്ങളിൽ 1100 പേർക്ക് വലുതും ചെറുതുമായ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലർ പ്രാഥമികാവശ്യങ്ങൾക്കുപോലും കട്ടിലിൽനിന്നിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ചിലരുടെ ശരീരഭാഗങ്ങൾ എന്നെന്നേക്കുമായി നഷ്ടമായിട്ടുമുണ്ട്.
ജില്ലയിലെ മറ്റു പല റോഡുകളെയും അപേക്ഷിച്ച് വീതിയുണ്ടെങ്കിലും വാഹനങ്ങളുടെ അമിത വേഗതയാണ് മിക്കപ്പോഴും അപകടം ഉണ്ടാക്കുന്നത്. വാഹനമോടിക്കുന്നതിലെ പിഴവുകളും റോഡ് നിർമാണത്തിൽ ചില ഭാഗത്തുണ്ടായ അശാസ്ത്രീയതയും അപകടത്തിന് കാരണമാവുന്നുണ്ട്. കൊച്ചി - കണ്ണൂർ ഉൾപ്പെടെ ദീർഘദൂര യാത്രക്കാർ ബൈപാസിലെത്തുമ്പോൾ വേഗത കൂട്ടുന്നത് പതിവാണ്. അതിനാൽ തന്നെ മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ നേർക്കുനേർ വരുന്ന വാഹനങ്ങൾ തമ്മിലാണ് അപകടമേറെയും. തെരുവ് വിളക്കുകൾ ഇല്ലാത്തതും കാൽനട യാത്രക്കാർക്ക് വേണ്ടത്ര സൗകര്യമില്ലാത്തതും മലാപ്പറമ്പ്, തൊണ്ടയാട്, വേങ്ങേരി ഉൾപ്പെടെ ഭാഗങ്ങളിൽ പച്ചിലക്കാടുകൾ റോഡിലേക്ക് പടർന്നുപിടിച്ചതും അപകട ഭീഷണിയാണ്. കഴിഞ്ഞ വർഷം വരെ 136 പേരാണ് അപകടത്തിൽ മരിച്ചത്.
അമ്പലപ്പടി, ചാലിക്കര, മൊകവൂർ, മാളിക്കടവ്, മലാപ്പറമ്പ്, കൂടത്തുംപാറ, പന്തീരാങ്കാവ്, മണക്കടവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് സ്ഥിരമായി അപകടമുണ്ടാവുന്നത് എന്ന് വ്യക്തമായതോടെ ഈ പ്രദേശങ്ങളെ നാറ്റ്പാക് ബ്ലാക് സ്പോട്ടുകളാക്കിയിട്ടുണ്ട്. ഇതിൽതന്നെ മലാപ്പറമ്പ്, പന്തീരാങ്കാവ്, അഴിഞ്ഞിലം എന്നിവയാണ് കൂടുതൽ അപകടമുണ്ടായ ഭാഗങ്ങൾ.
ഏറവും കൂടുതൽ അപകടമുണ്ടായ തൊണ്ടയാട് ഇതിൽനിന്നൊഴിവായത് മേൽപാലം വന്നതോടെയാണ്. നാലുപേരുടെ ജീവൻ നഷ്ടമായ അപകടം വരെ മെഡിക്കൽ കോളജ് റോഡ് കടന്നുപോകുന്ന തൊണ്ടയാട് ജങ്ഷനിലുണ്ടായിട്ടുണ്ട്.
റോഡിെൻറ വീതിയും മറ്റു സവിശേഷതകളും പരിഗണിക്കുമ്പോൾ പ്രതിദിനം പതിനായിരം വാഹനങ്ങൾക്ക് കടന്നുപോവാനുള്ള ശേഷിയാണുള്ളത്. എന്നാലിപ്പോൾ ഇതിെൻറ നാലിരട്ടിവരെ വാഹനങ്ങൾ കടന്നുപോകുന്നതായാണ് ദേശീയപാത അധികൃതർതന്നെ വ്യക്തമാക്കുന്നത്. റോഡ് ആറുവരിയായി വികസിപ്പിക്കുന്നതിെൻറ ഉദ്ഘാടനം കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചിരുന്നു.
എന്നാൽ, സാങ്കേതിക തടസ്സങ്ങൾ കാരണം പ്രവൃത്തി തുടങ്ങിയിട്ടില്ല. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡ് വികസിപ്പിച്ചാൽ മാത്രമേ അപകടം കുറക്കാനാവൂ എന്ന നിലപാടിലാണ് അധികൃതരും. എന്നാൽ, നവീകരണം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇവർക്കും വ്യക്തതയില്ല.
അതേസമയം, പദ്ധതിക്കാവശ്യമായി ഭൂമി നേരത്തേ ഏറ്റെടുത്തിട്ടുണ്ട്. ആറുവരിപ്പാത നിർമാണത്തിനായി ഉടൻ ഇടപെടലുകൾ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.