കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ് 21,000 പെണ്‍കുട്ടികള്‍ക്ക് 16 കോടി രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. മലബാര്‍ ഗ്രൂപ് നടപ്പാക്കിവരുന്ന സാമൂഹ്യ പ്രതിബദ്ധത പദ്ധതിയില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ദേശീയതലത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലായി മാറുന്ന സ്‌കോളര്‍ഷിപ് പദ്ധതിയുടെ ഉദ്ഘാടനം മുംബൈ ബി.കെ.സിയിലെ ഭാരത് ഡയമണ്ട് ബോഴ്സില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുൽ സലാം, മലബാര്‍ ഗ്രൂപ് ഇന്ത്യാ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ്, മഹേന്ദ്രാ ബ്രദേഴ്‌സ് ഡയറക്ടര്‍ ഷൗനക് പരീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലോകത്ത് മാറ്റം കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വിദ്യാഭ്യാസമെന്നും അതിലൂടെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.
മലബാര്‍ ഗ്രൂപ് ആരംഭിച്ചത് മുതല്‍തന്നെ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 1999ല്‍ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ചു. കമ്പനിയുടെ ലാഭത്തിന്റെ അഞ്ച് ശതമാനം ഇതിന് വേണ്ടി നീക്കിവെക്കുന്നുണ്ട്. 2007 മുതലാണ് പെണ്‍കുട്ടികള്‍ക്കായി ദേശീയ സ്‌കോളര്‍ഷിപ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയില്‍ ഉടനീളം 95,000 ത്തില്‍ അധികം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായി 60 കോടിയിലേറെ രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ 80 നഗരങ്ങളിലായി ദിനംപ്രതി 50,000 പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ദിനംപ്രതി 10,000 ഭക്ഷണപ്പൊതികളും നല്‍കുന്നു. 200 കേന്ദ്രങ്ങളിലായി ദിനംപ്രതി ഒരു ലക്ഷം ആളുകള്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കാനാണ് മലബാര്‍ ഗ്രൂപ് ലക്ഷ്യമിടുന്നത്. സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ‘തണല്‍’ സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് മലബാര്‍ ഗ്രൂപ് ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി നടപ്പാക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.