പ്രീപ്രൈമറി സ്കൂളുകൾക്ക് 2.8 കോടി അനുവദിച്ചു

കോഴിക്കോട്: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ 28 പ്രീപ്രൈമറി സ്കൂളുകൾ കൂടി ഈ വർഷം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നു. ഇതിനായി ഓരോ സ്കൂളിനും 10 ലക്ഷം വീതം രണ്ട് കോടി 80 ലക്ഷം അനുവദിച്ചതായി ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം അറിയിച്ചു. കഴിഞ്ഞവർഷം ജില്ലയിൽ മൂന്ന് സ്കൂളുകൾക്ക് 15 ലക്ഷം വീതവും 14 സ്കൂളുകൾക്ക് 10 ലക്ഷം വീതവും 12 സ്കൂളുകൾക്ക് 95,000 വീതവും അനുവദിച്ചതിന് പുറമെയാണിത്.

ഔട്ട് ഡോർ പ്ലേ ഏരിയ, കലാപ്രകടനങ്ങൾക്ക് അവസരം നൽകുന്ന പെർഫോമൻസ് ഏരിയ, നിർമാണപ്രവർത്തനങ്ങൾക്ക് അവസരം നൽകുന്ന ബ്ലോക്ക് ഏരിയ, ശാസ്ത്ര പ്രവർത്തനങ്ങൾക്കുള്ള സയൻസ് ഏരിയ, വായനക്കും എഴുത്തിനുമുള്ള ലിറ്റററി ഏരിയ, ഗണിത പ്രവർത്തനങ്ങൾക്കുള്ള മാത് സ് ഏരിയ, ചിത്രം വരക്കുന്നതിനും നിറം നൽകുന്നതിനുമുള്ള ആർട്ട് ഏരിയ, പ്രകൃതി പഠനത്തിനുള്ള ഗ്രീൻ ഏരിയ, സംഗീതത്തിനും താളാത്മക ചലനത്തിനുമുള്ള മ്യൂസിക് ഏരിയ, പഞ്ചേന്ദ്രിയ അനുഭവങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സെൻസറി ഏരിയ, ഐ.സി.ടി സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ഏരിയ എന്നിവ ഒരുക്കേണ്ടതുണ്ട്. ഇതോടൊപ്പം ശിശുസൗഹൃദ ഇരിപ്പിടങ്ങൾ, വർണാഭമായ ക്ലാസ്മുറി എന്നിവയും തയാറാക്കണം.

പ്രീ-സ്കൂൾ കെട്ടിടം, കളിയിടങ്ങൾ, പ്രവർത്തനയിടങ്ങൾ എന്നിവ ഭിന്നശേഷിസൗഹൃദമാക്കാനും നിഷ്കർഷിച്ചിട്ടുണ്ട്. വർണക്കൂടാരം എന്നാണ് പദ്ധതിയുടെ പേര്. 'കളിയാണ് രീതി, സ്നേഹമാണ് ഭാഷ' എന്ന തത്ത്വത്തിൽ ഊന്നി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യംവെച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Tags:    
News Summary - 2.8 crore has been sanctioned for pre-primary schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.