പേരാമ്പ്ര: 72 വയസ്സിൻെറ ചെറുപ്പവുമായി എം.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്ററും 26 വയസ്സിൻെറ വലുപ്പവുമായി അർജുൻ കറ്റയാട്ടും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ അങ്കത്തിനിറങ്ങുമ്പോൾ മത്സരം തീപ്പാറുമെന്നുറപ്പാണ്. പേരാമ്പ്ര പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥിയും ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയും 16ാം വാർഡിൽ നേർക്കുനേർ അങ്കം കുറിക്കുകയാണ്. കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഇടതു മുന്നണിക്ക് വേണ്ടിയും അർജുൻ ഐക്യമുന്നണിക്ക് വേണ്ടിയുമാണ് മത്സരിക്കുന്നത്.
2010ൽ 19ാം വാർഡിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞിക്കണ്ണൻ മാസ്റ്റർ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമാണ്. പാലിയേറ്റീവ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ്. 2003ൽ ആണ് പേരാമ്പ്ര ജി.യു.പി സ്കൂളിൽനിന്നു വിരമിച്ചത്. കെ.എസ്.യു ജില്ലാ സെക്രട്ടറിയായ അര്‍ജുന്‍ പേരാമ്പ്ര സില്‍വര്‍ കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി. യൂത്ത് കോണ്‍ഗ്രസ് വടകര ലോക്‌സഭ മണ്ഡലം കമ്മിറ്റിയുടെ ഐ.ടി സെല്‍ കോ-ഓഡിനേറ്ററുമാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിൽനിന്നും എം.എസ്.സി ഫുഡ് സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ഈ യുവാവ് അസാപ് പ്രോഗ്രാമിൻെറ അംഗീകൃത പരിശീലകനുമാണ്. നിലവിൽ കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ ആന്ത്രോപ്പോളജിയില്‍ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.
അർജുനനും കുഞ്ഞിക്കണ്ണൻ മാഷിനും പുറമെ ഇവിടെ ബി.ജെ.പി സ്ഥാനാർഥിയായി കെ.ടി. സുരയും മത്സര രംഗത്തുണ്ട്. 16ാം വാർഡ് 2010ൽ യു.ഡി.എഫിനൊപ്പമായിരുന്നെങ്കിൽ 2015ൽ 51 വോട്ടിന് ഇടതു മുന്നണി പിടിച്ചെടുത്തു. യുവത്വവും പരിചയസമ്പന്നതയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം തീപ്പാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.