കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചെറ്റക്കടവ്- ആവിലോറ - നെല്ലാങ്കണ്ടി തോടിന്റെ കുഴിമണ്ണിൽ കടവിൽ പ്രദേശവാസികളുടെ ദുരിതയാത്രക്ക് പരിഹാരമായി പാലം പണിയുന്നതിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെ. പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട കുഴിമണ്ണിൽ പ്രദേശവും തോട്ടുമൂല പ്രദേശവും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമാണിത്.
കമുകുകൊണ്ട് പ്രദേശവാസികൾ താൽക്കാലികമായി നിർമിച്ച നടപ്പാലമാണിവിടെയുള്ളത്. മഴക്കാലത്ത് പൂനൂർ പുഴയിലും തോട്ടിലും വെള്ളമുയരുമ്പോൾ പാലം ഒലിച്ചുപോകും. പിന്നീട് പാലം പുനർ നിർമിക്കുകയാണ് ചെയ്യുക. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ദേശീയപാത നെല്ലാങ്കണ്ടിയിലേക്ക് എത്തിച്ചേരുന്ന പ്രധാന യാത്രാമാർഗമാണിത്. തോടിന്റെ ഇരുഭാഗങ്ങൾ വരെയും റോഡ് നിർമിച്ചിട്ടുണ്ട്. രോഗികളെയും മൃതദേഹവുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ആളുകൾ പുറത്തേക്ക് എത്തിക്കുന്നത്. പാലത്തിന് താഴെ കൂടിവെള്ള പദ്ധതിക്കായി നിർമിച്ച കിണറുമുള്ളതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പാലം വഴിയുള്ള യാത്ര അപകടം പിടിച്ചതാണ്.
20 വർഷം മുമ്പ് സമീപത്തായി വി.സി.ബി നിർമിക്കാൻ തൂണുകൾ സ്ഥാപിച്ചെങ്കിലും ഉപേക്ഷിച്ചുപോവുകയാണുണ്ടായെതെന്നാണ് നാട്ടുകാർ പറയുന്നത്. ഓരോ മഴക്കാലം കഴിയുന്തോറും തോടിന്റെ കരയിടിച്ചിൽ സമീപത്തെ വീടുകൾക്ക് ഭീഷണിയായിത്തീർന്നിരിക്കുകയാണ്. സംരക്ഷിക്കാൻ പദ്ധതികൾ ഇല്ലാത്തതിനാൽ നാശത്തിന്റെ വക്കിലാണ് തോടും. വേനൽക്കാലത്ത് കാർഷികാവശ്യത്തിനും കുടിവെള്ള പ്രശ്നം പരിഹരിക്കാനും ഏറെ ഉപകരിച്ചിരുന്ന ജലസ്രോതസ്സാണ് ചെറ്റക്കടവ്- ആവിലോറ തോട്.
പഞ്ചായത്ത് നേരത്തെ മാതൃകാ തോടായി ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ എട്ട് വാർഡുകളിലൂടെ എട്ട് കിലോമീറ്റർ ദൂരം ഒഴുകി പുനൂർ പുഴയുടെ നെല്ലാങ്കണ്ടി കടവിൽ ചേരുന്നതാണ് തോട്. കുഴിമണ്ണിൽ കടവിൽ പാലംപണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും നടപടികളുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.