കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ ഭരണകൂടത്തിന് കീഴടങ്ങരുതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ കീഴടങ്ങാതെ നട്ടെല്ല് നിവര്‍ത്തി അഭിപ്രായം പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാവണം. സ്വാതന്ത്ര്യത്തോടെ സത്യം വിളിച്ചുപറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് മാധ്യമ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷംസീര്‍.
മറ്റു സംസ്ഥാനങ്ങളക്കാള് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷയും നല്‍കുന്നത് കേരളത്തിലാണ്. എന്നിട്ടും സർഗാത്മകമായ വിമർശനങ്ങൾക്കു പകരം വിനാശകരമായ വിമർശനങ്ങളാണ് മാധ്യമങ്ങളിൽനിന്ന് ഉണ്ടാകുന്നത്. വികസനത്തില്‍ ജനവിരുദ്ധതയുണ്ടെങ്കില് ചൂണ്ടിക്കാണിക്കാം. തകര്‍ക്കാനാണ് വിമര്‍ശനം കൊണ്ടുവരുന്നതെങ്കില്‍ വികസനം ഇല്ലാതാകും. മാധ്യമങ്ങൾ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ മാന്യത പുലർത്തണം. ബ്രേക്കിങ് ന്യൂസുകള്‍ നല്കുമ്പോള് വസ്തുതകള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.ഐ ജനറല്‍ മാനേജറായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മനോരമ ന്യൂസിലെ ബി.എല്‍. അരുണിനും സ്പോര്‍ട്സ് ലേഖകനായിരുന്ന മുഷ്താഖിന്റെ പേരില്‍ കെ.ഡി.എഫ്.എയുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ മുഷ്താഖ് അവാര്‍ഡുകള്‍ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ടി. സൗമ്യ, മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ആറ്റ്ലി ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും സ്പീക്കര്‍ സമ്മാനിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ പി. പ്രജിത്ത് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, കെ.ഡി.എഫ്.എ സെക്രട്ടറി ഷാജേഷ്കുമാര്, അവാര്‍ഡ് ജേതാക്കളായ ബി.എല്‍. അരുണ്‍, ടി. സൗമ്യ, ആറ്റ്ലി ഫെര്‍ണാണ്ടസ് എന്നിവർ സംസാരിച്ചു. കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി.കെ. സജിത് സ്വാഗതവും ജോയന്റ് സെക്രട്ടറി പി.വി. ജോഷില നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.