കോഴിക്കോട്: ബേപ്പൂർ എൻ.എഫ്.എ ഗോഡൗണിൽ എൻ.എഫ്.എ തൊഴിലാളികളും സി.ഡി.എ തൊഴിലാളികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് റേഷൻകടകളിലേക്കുള്ള ധാന്യവിതരണം മുടങ്ങി. ഗോഡൗണിലെ 75 ശതമാനം തൊഴിൽ എൻ.എഫ്.എ തൊഴിലാളികൾക്കും 25 ശതമാനം ബേപ്പൂരിൽ നേരത്തേയുണ്ടായിരുന്നു സി.ഡി.എ തൊഴിലാളികൾക്കുമാണ് നിശ്ചയിച്ചിരുന്നത്. ഇത് ശരിവെക്കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം ഹൈകോടതിയിൽ നിന്നും ഉണ്ടായിരുന്നു. ഇതംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സി.ഡി.എ തൊഴിലാളികൾ ചരക്കുനീക്കം തടയുകയായിരുന്നു. ചരക്കുനീക്കം മുടങ്ങിയതോടെ നഗര പരിധിയിലെ റേഷൻ കടകളിലേക്കുള്ള ധാന്യ വിതരണം പൂർണമായും മുടങ്ങി.
ഇത് കടകളിലെ റേഷൻ വിതരണത്തെയും സാരമായി ബാധിച്ചു. വെള്ളയിൽ എൻ.എഫ്.എസ്.എ ഗോഡൗൺ ബേപ്പൂരിലെ ഒഴിഞ്ഞുകിടക്കുന്ന സി.ഡി.എ ഗോഡൗണിലേക്ക് മാറ്റിയപ്പോൾ 75 ശതമാനം തൊഴിൽ എൻ.എഫ്.എ തൊഴിലാളികൾക്കും 25 ശതമാനം സി.ഡി.എ തൊഴിലാളികൾക്കുമായി നിശ്ചയിക്കുകയായിരുന്നു.
എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ റേഷൻ വിതരണത്തിന്റെ അളവ് കൂടിയപ്പോൾ കയറ്റിറക്കിന് കൂടുതൽ തൊഴിലാളികളെ നിയോഗിക്കുകയും തൊഴിൽ 50 -50 എന്ന അനുപാതത്തിൽ ക്രമീകരിച്ചു കലക്ടർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. കോവിഡ് നിബന്ധനകൾ എടുത്തുകളഞ്ഞതോടെ ഉത്തരവിന്റെ കാലാവധി അവസാനിക്കുകയും നേരത്തേയുണ്ടായിരുന്നു 75 -25 അനുപാതം നിലവിൽവരുകയും ചെയ്തു. ഇതിനെതിരെ സി.ഡി.എ തൊഴിലാളികൾ നൽകിയ ഹരജി ഹൈകോടതി നിരസിച്ചു.
ഇതോടെ തൊഴിൽ 75- 25 എന്ന എന്ന അനുപാതത്തിൽ നടപ്പാക്കുമെന്ന് കാണിച്ച് ഗോഡൗൺ അധികൃതർ ജീവനക്കാരുടെ അസോസിയേഷന് കഴിഞ്ഞ ദിവസം കത്തുനൽകുകയും ചെയ്തു. ഇതംഗീകരിക്കാൻ തയാറാവാത്ത സി.ഡി.എ തൊഴിലാളികൾ തിങ്കളാഴ്ച ലോഡ് നീക്കം തടയുകയായിരുന്നു. ഇതോടെ നഗരത്തിലെ റേഷൻ കടകളിലേക്കുള്ള ധാന്യ വിതരണം പൂർണായും മുടങ്ങി.
ബേപ്പൂരിലെ പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എൻ.എഫ്.എ തൊഴിലാളികൾ പൂളാടിക്കുന്നിലും മറ്റുമുള്ള ഗോഡൗണുകളിലും പണിമുടക്കി. തുടർന്ന് അധികൃതർ ഇടപെട്ട് ചൊവ്വാഴ്ചയോടെ പ്രശ്നം പരിഹിക്കാമെന്ന് ഉറപ്പുനൽകിയതോടെ വൈകീട്ടോടെ ബേപ്പൂർ ഒഴികെയുള്ള ഗോഡൗണുകളിൽ ധാന്യങ്ങൾ കയറ്റി അയക്കാൻ തുടങ്ങി. എന്നാൽ ബേപ്പൂരിൽ വൈകീട്ടും പ്രശ്നം പരിഹരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.