ഷാ​നി​ദ്

നിരവധി കേസിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ സിറ്റി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒളവണ്ണ ഒടുമ്പ്ര സ്വദേശി ഖലീഫികം ഷാനിദ് നിവാസിൽ ഷാനിദിനെയാണ് (35) 2007ലെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (കാപ്പ) വകുപ്പ് 15 (ഒന്ന് -എ) പ്രകാരം നടപടി സ്വീകരിച്ച് ഒരു വർഷത്തേക്ക് നാടുകടത്തിയത്.

സിറ്റി പൊലീസ് പരിധിയിലും സമീപ പ്രദേശത്തും മറ്റുള്ളവരുമായി കൂട്ടുകൂടി ഗൂഢാലോചന, കൊലപാതകശ്രമം, മാരകായുധങ്ങളുപയോഗിച്ച് ആളുകളെ ദേഹോപദ്രവം ഏൽപിക്കൽ, കവർച്ച, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യത്തിൽ തുടർച്ചയായി ഏർപ്പെട്ടിരുന്നയാളാണ് ഷാനിദെന്ന് പൊലീസ് അറിയിച്ചു. കുന്ദമംഗലം, നല്ലളം, പന്നിയങ്കര, കൊണ്ടോട്ടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് മേധാവി എ. അക്ബറാണ് നാടുകടത്തൽ ഉത്തരവിറക്കിയത്. സിറ്റി പൊലീസ് മേധാവി പദവി ഡി.ഐ.ജി റാങ്കിലേക്ക് ഉയർത്തിയശേഷം ആദ്യമായാണ് കാപ്പ വ്യക്തിക്കെതിരെ ചുമത്തി നാടുകടത്തൽ ഉത്തരവിറക്കുന്നത്.

സിറ്റി പൊലീസ് പരിധി കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെ തടങ്കൽ ഉത്തരവിനുള്ള നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിക്ക് സിറ്റി പൊലീസ് ഈ വർഷം 15 റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ മൂന്നുപേർക്കെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്നവരുടെ പട്ടിക തയാറാക്കി സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷും സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാരും നിരീക്ഷിച്ചുവരികയാണ്. വരും ദിവസങ്ങളിലും കുറ്റക്കാർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചു.

Tags:    
News Summary - A person involved in several cases was charged with Kappa and deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.