കോഴിക്കോട്: ലഹരി മാഫിയയുടെ അടിവേരറുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുമ്പോഴും നഗരത്തിലേക്കുള്ള രാസലഹരിയുടെ കുത്തൊഴുക്ക് തുടരുന്നു. ഒരാഴ്ചക്കിടെ അരക്കിലോയോളം എം.ഡി.എം.എയാണ് സിറ്റി പൊലീസ് പരിധിയിൽ നിന്നുമാത്രം പിടികൂടിയത്. നടക്കാവ്, പന്തീരാങ്കാവ്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിലായി നാലുപേർ അറസ്റ്റിലാവുകയും ചെയ്തു. റൂറൽ പരിധിയിലെ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ ലഹരിയുടെ അളവും അറസ്റ്റിലായവരുടെ എണ്ണവും ഇനിയും കൂടും.
കഞ്ചാവും നിരോധിത പുകയില വസ്തുക്കളുമൊക്കെയാണ് മുമ്പ് വ്യാപകമായി പിടിച്ചിരുന്നതെങ്കിൽ ഗ്രാമിന് സ്വർണത്തോളം വിലയുള്ള മാരക മയക്കുമരുന്നായ എം.ഡി.എം.എയാണ് ഇപ്പോൾ പിടികൂടുന്നത്. ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് രാസലഹരി വൻതോതിൽ നഗരത്തിലേക്ക് എത്തുന്നത് എന്നാണ് പൊലീസ് അന്വേഷണങ്ങളിൽ വ്യക്തമായത്.
വിദ്യാർഥികളും യുവതീ യുവാക്കളും ഒന്നോരണ്ടോ തവണ എം.ഡി.എം.എ ഉപയോഗിക്കുന്നതോടെ ലഹരിക്കടിമകളും ലഹരിയുടെ വിൽപനക്കാരുമായി മാറുകയാണ്. ഈ ലഹരിക്ക് വൻതുകവേണം എന്നതാണ് വിദ്യാർഥികളെപ്പോലും എം.ഡി.എം.എയുടെ വ്യാപാരത്തിലേക്ക് പെട്ടെന്ന് എത്തിക്കുന്നത്. നഗരത്തിൽ മേയ് 28ന് 8.67 ഗ്രാം എം.ഡി.എം.എയുമായി ജാഫർഖാൻ കോളനി റോഡിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും മലപ്പുറം തെന്നല സ്വദേശി ഷിഹാബ് (28), 30ന് 22 ഗ്രാം എം.ഡി.എം.എയുമായി പെരിങ്ങളം സ്വദേശി മിഥുൻ (പീക്കു -28), 31ന് 400 ഗ്രാം എം.ഡി.എം.എയുമായി പുളിക്കൽ സ്വദേശി നൗഫൽ (32), ഫറോക്ക് നല്ലൂർ സ്വദേശി ജംഷീദ് (31), ജൂൺ ഒന്നിന് 54 ഗ്രാം എം.ഡി.എം.എയുമായി ഫറോക്ക് സ്വദേശി സാലിഹ് (27), ചേളന്നൂർ സ്വദേശി സഗേഷ് (അപ്പു -31) എന്നിവരെയാണ് ലോക്കൽ പൊലീസിന്റെ സഹായത്തോടെ ജില്ല ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) പിടികൂടിയത്. മിഥുൻ രണ്ടുമാസം മുമ്പ് ഓർക്കാട്ടേരി സ്വദേശിക്ക് ലഹരിമരുന്ന് നൽകിയ കേസിൽ ഒളിവിൽ കഴിയവേയാണ് ലഹരിയുമായി പിടിയിലായത്.
മാവൂർ, മെഡിക്കൽ കോളജ്, കസബ, മുക്കം, കുന്ദമംഗലം സ്റ്റേഷനുകളിൽ മൂന്നുവർഷത്തിനിടെ 13 അടിപിടി കേസുകളിൽ പ്രതിയുമാണിയാൾ. നൗഫലും ജംഷീദും നാഷനൽ പെർമിറ്റ് ലോറിയിൽ ബംഗളൂരുവിൽ നിന്നാണ് ലഹരി എത്തിച്ചത്. ലഹരി കടത്തിയ ലോറി പൊലീസ് കസ്റ്റഡിയിലാണ്. മുറ്റത്ത് പാകുന്ന കല്ല് കൊണ്ടുവരുന്നത് മറയാക്കിയായിരുന്നു ലഹരികടത്ത്. നൗഫൽ നേരത്തെ രണ്ട് കിലോ കഞ്ചാവുസഹിതം എക്സൈസിന്റെ പിടിയിലായി രണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. പന്തീരാങ്കാവ് ഭാഗത്തെ ലോഡ്ജിൽ നിന്നാണ് സാലിഹും സഗേഷും അറസ്റ്റിലായത്.
ലോഡ്ജുകളിൽ തങ്ങി കാറിൽ സഞ്ചരിച്ചാണ് ഇവരുടെ ലഹരി കച്ചവടം. സാലിഹിനെതിരെ മുമ്പ് മെഡിക്കൽ കോളജ് സ്റ്റേഷനിൽ പെൺവാണിഭക്കേസും സഗേഷിനെതിരെ ടൗൺ സ്റ്റേഷനിൽ ബൈക്ക് മോഷണം, കോഴിക്കോട് എക്സൈസിൽ മയക്കുമരുന്ന് കേസുമുണ്ട്. ലഹരിയുടെ വരവ് കൂടിയതോടെ പഴയ പ്രതികളെയടക്കം നിരീക്ഷിച്ചും സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന ഊർജിതമാക്കിയും ലഹരിവേട്ട ശക്തമാക്കാൻ പൊലീസ് നടപടിയാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.