കോഴിക്കോട്: ഏറെ വിവാദമായ മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതക്ക് അനുകൂല നിലപാടെടുത്ത സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ സ്ഥലംമാറ്റിയത് ഭരണാനുകൂല സർവിസ് സംഘടന നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയെന്ന് ആരോപണം. ഭരണാനുകൂല സംഘടനാ പ്രവർത്തകർ പ്രതികളായ കേസിൽ ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങാതെ വസ്തുനിഷ്ഠമായി റിപ്പോർട്ട് നൽകിയ ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫിസർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിൽ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. നേരത്തേ, മെഡിക്കൽ കോളജിൽ സിറ്റിങ് നടത്തിയ അന്വേഷണ സമിതി, ഈ മൂന്നുപേരടക്കം അതിജീവിതക്ക് അനുകൂല മൊഴി നൽകിയവരെയെല്ലാം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് പ്രത്യേകം മൊഴിയെടുത്തിരുന്നു.
കേസിൽ പ്രതികളെന്ന് കണ്ടെത്തിയ അഞ്ച് വനിത ജീവനക്കാരെ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായി ഭരണകക്ഷി സർവിസ് സംഘടന നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണ് മൂന്നുപേർക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തതെന്നാണ് ആരോപണം. അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ അനിതയെ പ്രതിക്കൂട്ടിലാക്കാൻ നേരത്തെതന്നെ ഭരണാനുകൂല സംഘടനാ നേതാക്കൾ ശ്രമം നടത്തിയിരുന്നു.
ഭരണാനുകൂല സംഘടനാ നേതാവ്, പ്രതിപക്ഷ സംഘടനയിലെ അംഗമായ അനിതയെ ഭീഷണിപ്പെടുത്തിയെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. സസ്പെൻഷനിൽ കഴിയുന്നവർക്കെതിരെ സ്വീകരിച്ചതിലും കടുത്ത നടപടിയാണ് അനിതക്കെതിരെ സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. കേസിൽ തുടക്കം മുതൽ തന്നെ ഭരണാനുകൂല സംഘടന നേതാവായ മുഖ്യപ്രതി ‘ശശീന്ദ്രനെയും’ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചവരെയും സംരക്ഷിക്കാൻ ശ്രമം നടത്തിയത് ഏറെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയാവുന്നതിനുമുമ്പ് കുറ്റാരോപിതരുടെ സസ്പെൻഷൻ പിൻവലിച്ച് സർവിസിൽ തിരിച്ചെടുത്ത മുൻ പ്രിൻസിപ്പലിന്റെ നടപടിയും സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതോടെ ആരോഗ്യ വകുപ്പ് നേരിട്ട് ഇടപെട്ട് സസ്പെൻഷൻ പിൻവലിപ്പിക്കുകയായിരുന്നു. തുടർന്നാണ് ജോയന്റ് ഡി.എം.ഇയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചതും സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതരെ സ്ഥലം മാറ്റിയതും. കേസിൽ മുഖ്യ പ്രതിയായ ശശീന്ദ്രൻ സസ്പെൻഷനിൽ തുടരുകയാണ്. അതിജീവിതക്ക് പിന്തുണ നൽകിയ സീനിയർ നഴ്സിങ് ഓഫിസറെ ദ്രോഹിക്കുന്ന നടപടിയിൽനിന്ന് അധികാരികൾ പിന്മാറണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ ആവശ്യപ്പെട്ടു.
കോഴിക്കോട്: ഐ.സി.യുവിൽ പീഡനത്തിന് ഇരയായ തനിക്ക് അനുകൂലമായ മൊഴി നൽകിയ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് അതിജീവിത മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ കുത്തിയിരുന്നു. ഏറെ സമ്മർദങ്ങളുള്ള കേസിൽ തന്നെ പിന്തുണച്ച നഴ്സിനെ സ്ഥലം മാറ്റിയ നടപടി ക്രൂരമാണെന്നും നടപടി പീഡനത്തിന് ഇരയായ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അതിജീവിത പറഞ്ഞു.
നടപടി പിൻവലിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അരമണിക്കൂറോളം കുത്തിയിരുന്ന ഇവരെ മെഡിക്കൽ കോളജ് പൊലീസെത്തി നീക്കുകയായിരുന്നു. ശേഷം ഇക്കാര്യത്തിൽ പ്രിൻസിപ്പലിന് പരാതി നൽകി, പരാതി സ്വീകരിച്ചതിന്റെ രസീതിയും വാങ്ങിയതിന് ശേഷമാണ് അതിജീവിത മടങ്ങിയത്. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലും അതിജീവിതക്ക് ഒപ്പമുണ്ടായിരുന്നു. രണ്ടു ദിവസത്തിനകം മറുപടി ലഭിച്ചിട്ടില്ലെങ്കിൽ തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിലും കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഇരുവരും അറിയിച്ചു.
കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതക്ക് അനുകൂല മൊഴി നൽകിയ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ (സെറ്റോ) മെഡിക്കൽ കോളജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനിന്ന് ആരംഭിച്ച മാർച്ച് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ സമാപിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ല ജോയന്റ് സെക്രട്ടറി കെ.പി. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ, മെഡിക്കൽ കോളജ് ബ്രാഞ്ച് പ്രസിഡന്റ് യു.എസ്. വിഷാൽ അധ്യക്ഷത വഹിച്ചു. സബീർ സാലി, സജിത്ത് ചേരണ്ടത്തൂർ, കെ.പി. സുജിത, അക്കുമോൻ ജോസഫ്, പി.കെ. ബിന്ദു എന്നിവർ സംസാരിച്ചു.
നഴ്സിങ് ഓഫിസർ പി.ബി. അനിതയെ ഭീഷണിപ്പെടുത്തിയെന്ന ഭരണകക്ഷി യൂനിയൻ ജില്ല നേതാവിനെതിരെയുള്ള പരാതിയിൽ തുടർനടപടി വൈകുന്നു. സീനിയർ നഴ്സിങ് ഓഫിസറുടെ പരാതിയിൽ പ്രിൻസിപ്പൽ നിയോഗിച്ച സമിതി ആറുമാസം മുമ്പ് ഡി.എം.ഇക്ക് റിപ്പോർട്ട് നൽകിയതാണ്. അന്വേഷണ സമിതി റിപ്പോർട്ടിന്റെ പകർപ്പ് പോലും ഇതുവരെ പരാതിക്കാരിക്ക് നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.