കോഴിക്കോട്: കല്ലായി പുഴയോരത്ത് പള്ളിക്കണ്ടി അഴീക്കൽ റോഡിലും ആവിക്കൽ തോടിലും കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ നിർമിക്കാൻ തീരുമാനിച്ച മലിനജല സംസ്കരണ പ്ലാന്റിന്റെ സ്ഥലം മാറ്റാൻ ഏകദേശ ധാരണ. ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്.
ജനവാസ മേഖലയിൽ പ്ലാന്റ് നിർമിക്കാനുള്ള ശ്രമം പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നടപ്പാക്കാത്ത സാഹചര്യത്തിൽ കലക്ടർ രണ്ടാഴ്ച മുമ്പ് ഇരു പ്രദേശങ്ങളിലെയും സമരസമിതി നേതാക്കളുടെയും കോർപറേഷൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. യോഗത്തിൽ സമരസമിതി പ്രതിഷേധം അറിയിച്ചതോടെ കലക്ടർ സ്ഥലം സന്ദർശിച്ചതിനു ശേഷമാണ് പദ്ധതി ഈ പ്രദേശങ്ങളിൽനിന്ന് മാറ്റിസ്ഥാപിക്കുന്ന കാര്യം ആരാഞ്ഞത്.
പ്ലാൻറ് രണ്ടിടത്തും സ്ഥാപിക്കാൻ കൗൺസിൽ തീരുമാനമായതിനാൽ പുതിയ തീരുമാനമെടുത്താലേ അന്തിമമായി എന്തെങ്കിലും പറയാനാവൂവെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. പ്ലാന്റിനെതിരെ സമരം ചെയ്തതിന്റെ പേരിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന സമരസമിതി നേതാക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് കലക്ടറും ഡെപ്യൂട്ടി മേയറും പറഞ്ഞിരുന്നു. വെള്ളിയാഴ്ച കലക്ടർ വിളിച്ച യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫിസർ ഡോ. മുനവ്വർ റഹ്മാൻ, കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, കൗൺസിലർ കെ. മൊയ്തീൻ കോയ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ. എസ്. ജയശ്രീ, പി.സി. രാജൻ പി.കെ. നാസർ, കൗൺസിലർ സോഫിയ അനീഷ്, സമരസമിതി നേതാക്കളായ ഫൈസൽ പള്ളിക്കണ്ടി, എം.പി. സിദീഖ്, എം.പി. സക്കീർ ഹുസൈൻ, എ. ടി മൊയ്തീൻ കോയ, ടി. ദാവൂദ്, ഇർഫാൻ ഹബീബ് എന്നിവർ പങ്കെടുത്തു.
കോഴിക്കോട്: കല്ലായിപ്പുഴ നികത്തി പള്ളിക്കണ്ടി അഴീക്കൽ റോഡിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിൽനിന്ന് പിന്മാറുന്നതിന് ജനകീയ ഇടപെടൽ നടത്തിയ ജില്ല കലക്ടറുടെ തീരുമാനത്തിൽ അഭിവാദ്യം അർപ്പിച്ച് പള്ളിക്കണ്ടിയിൽ സമരസമിതിയുടെ നേതൃത്വത്തിൽ കൺവെൻഷൻ നടന്നു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. മൊയ്തീൻ കോയ, എം.പി. സിദീഖ്, വി. റാസിക്, എം.പി. കോയട്ടി, എൻ.വി. സുബൈർ, എം.എ. നജാത്ത്, എം.പി. സക്കീർ ഹുസൈൻ, എ.ടി. മൊയ്തീൻ കോയ, എൻ.വി. ഷാകോയ മോൻ, പി.പി. ഉമ്മർകോയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.