കോഴിക്കോട്: നിപയോട് പോരാടി മരിച്ച , ഇന്ത്യയുടെ ഹീറോ എന്ന് ലോക മാധ്യമങ്ങൾ വിശേഷിപ്പിച്ച സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് വെള്ളിയാഴ്ച മൂന്നാണ്ട് തികയുന്നു. മറ്റൊരു മഹാമാരിക്കാലത്ത് ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രവർത്തിച്ച് തളരുമ്പോൾ ലിനി കൊളുത്തിയ കെടാവിളക്ക് അവർക്ക് മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജം നൽകും.
2018 ലാണ് കോഴിക്കോട് ചങ്ങരോത്ത് സൂപ്പിക്കടയിൽ ഒരു കുടുംബത്തിലുള്ളവർക്കെല്ലാം അസാധാരണമായ അസുഖം കണ്ടെത്തിയത്. സാബിത്ത് എന്ന യുവാവിൻെറ മരണ ശേഷമാണ് രോഗം നിപയാണെന്ന് തിരിച്ചറിഞ്ഞത്. ബേബി മെമ്മോറിയലിൽനിന്നയച്ച സ്രവ സാമ്പിളുകൾ നിപ ലക്ഷണങ്ങളുള്ളതാണെന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മേയ് 19നു വിവരം ലഭിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നത് മേയ് 20ന്. ഔദ്യോഗികമായി നിപ സ്ഥിരീകരിക്കുന്നത് അന്നാണ്. അതോടെ കോഴിക്കോട് ശ്മശാന മൂകതയിലായി. മറ്റു നാട്ടുകാർ കോഴിക്കോട്ടേക്കും കോഴിക്കോട്ടുകാർ പേരാമ്പ്രയിലേക്കും പോകാതായി. ഒരു നാട് പൂർണമായി ഒറ്റപ്പെട്ടു. രാവും പകലും തിരക്കനുഭവപ്പെട്ടിരുന്ന നഗരങ്ങൾ വിജനമായി. ബസുകളിൽ ആളൊഴിഞ്ഞു. നിപ രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ കോളജിൽ മറ്റു രോഗികൾ വരാതായി. ലോക്ഡൗൺ ഇല്ലാതെതന്നെ ആളുകൾ ഭയംകൊണ്ട് വീട്ടിലിരുന്ന കാലം കൂടിയായിരുന്നു അത്.
പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സായ ലിനിക്ക് അപ്പോഴേക്കും രോഗം പകർന്നിരുന്നു. സാബിത്തിൽനിന്നായിരുന്നു ലിനിക്ക് അസുഖം പടർന്നത്. രോഗത്തിെൻറ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ലിനി മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ് ഭർത്താവ് സജീഷിനെഴുതിയ കുറിപ്പ് കേരളക്കരയുടെ കണ്ണുനനയിച്ചതാണ്. മേയ് 21ന് ലിനി നിപക്ക് കീഴടങ്ങി. കൂത്താളി പ്രൈമറി ഹെൽത്ത് സെൻററിൽ ജോലി ലഭിച്ച സജീഷ് ലിനിയോടുള്ള വാക്ക് പാലിച്ച് മക്കളായ മൂന്നാം ക്ലാസുകാരൻ ഋതുലിനെയും യു.കെ.ജിക്കാരൻ സിദ്ധാർഥിനെയും നന്നായി നോക്കുന്നു. 18 പേർക്കാണ് നിപ ബാധിച്ചത്. 16 പേർ മരിച്ചു. നഴ്സിങ് വിദ്യാർഥിയായിരുന്ന അജന്യയും ഉബീഷ് എന്ന യുവാവും നിപയെ അതിജീവിച്ച് ജീവിതത്തിലേക്ക് ചുവടുവെച്ചു. അതുവരെ പരീക്ഷിക്കാത്ത പ്രതിരോധ മാർഗങ്ങൾ നടപ്പാക്കിയാണ് കോഴിക്കോട് നിപയെ തടഞ്ഞത്.
ഓരോ രോഗികളെയും കണ്ടെത്തി അവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും ദ്വിതീയ സമ്പർക്കം കണ്ടെത്തി നിരീക്ഷിക്കുകയും ചെയ്തു. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയാൻ ഇതുമൂലം സാധിച്ചു. പിന്നീട് കോവിഡ് മഹാമാരി വന്നപ്പോഴും രോഗത്തെ പിടിച്ചു കെട്ടാൻ ലോകം മുഴുവൻ ഇതേ വഴിയാണ് സ്വീകരിച്ചത്. കോവിഡ് രൂക്ഷമായി നിരവധി പേർ മരിച്ചു വീഴുന്ന കാലത്ത് നിപയുടെ കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് ഒരു ആരോഗ്യ പ്രവർത്തക നടത്തിയ സേവനം എന്നും ഓർമിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.