കോഴിക്കോട്: ഗോവിന്ദപുരം മേഖലയിലെ കല്ലിട്ടനട -മൈലമ്പാടി റോഡിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. രാത്രിയാവുന്നതോടെ സീ ലോട്സ് അപ്പാർട്മെന്റിനു സമീപം തമ്പടിക്കുന്ന സംഘം സമീപവാസികളിൽ ഭീതി വിതക്കുന്നത് തുടർക്കഥയാണ്.
ശനിയാഴ്ച രാത്രി സംഘം സമീപത്തെ താമസക്കാരനായ എൻജിനീയറിങ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. റാദിൽ ഹൗസിൽ അഫ്നാൻ ഉമറിനെയാണ് (20) ഹെൽമറ്റുകൊണ്ട് തലക്കടിച്ച് ഗുരുതര പരിക്കേൽപിച്ചത്. മുഖത്ത് നാലിടത്തായി മുറിവേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആറു തുന്നിട്ടിരിക്കയാണ്.
ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചതിനാൽ മുഖം വീങ്ങുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. ലഹരി ഉപയോഗിക്കുന്നവരടക്കമുള്ള സംഘത്തിന്റെ ശല്യം സഹിക്കവയ്യാതെ നാട്ടുകാരിൽ ചിലർ ഒത്തുകൂടി ഇവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ തീരുമാനിച്ചിരുന്നു.
ഈ സമയം അതുവഴി രണ്ടു ബൈക്കുകളിലായി എത്തിയവരെ കൈകാണിച്ച് നിർത്തിച്ചപ്പോഴാണ് വിദ്യാർഥിയെ മർദിച്ച് ഗുരുതര പരിക്കേൽപിച്ചത്. കൂടുതൽ ആളുകൾ സ്ഥലത്തെത്തിയതോടെ സംഘം ബൈക്കിൽ തന്നെ രക്ഷപ്പെടുകയായിരുന്നു.
ദിവസവും രാത്രിയാവുന്നതോടെ നാലും അഞ്ചും ബൈക്കുകളിലായി ഇവിടെയെത്തുന്നവർ റോഡിൽനിന്ന് പുകവലിക്കുകയും സ്ത്രീകൾ അടക്കമുള്ള കാൽനടക്കാരോട് മോശമായി പെരുമാറുകയും ചെയ്യുന്നുവെന്നാണ് നാട്ടുകാർ പരാതി പറയുന്നത്.
വാഹനങ്ങൾക്കുപോലും പലപ്പോഴും ഇവർ തടസ്സം നിൽക്കും. മാത്രമല്ല ബൈക്കിന്റെ ആക്സിലറേറ്റർ റെയ്സാക്കി വൻ ശബ്ദം പുറപ്പെടുവിച്ച് ഭീതിവിതക്കുകയും ചെയ്യും. അമിതവേഗതയിൽ ബൈക്കുകൾ ചീറിപ്പായിക്കുന്നതും ആളുകൾക്ക് ഭീഷണിയാണ്.
മിക്ക ദിവസവും രാത്രി വൈകിയും സംഘം ഇവിടെ തങ്ങുന്നുണ്ട്. റോഡിൽനിന്ന് മദ്യപിക്കുന്നതായും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും ആളുകൾ പരാതിപ്പെടുന്നു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്.
സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായതിനാൽ രാത്രിസമയങ്ങളിൽ ഈ ഭാഗത്ത് പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും വിദ്യാർഥിയെ മർദിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.