നാദാപുരം: പകർച്ചവ്യാധികൾ വ്യാപകമാകുമ്പോഴും ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും നാദാപുരത്ത് വ്യാപകം. വൃത്തിഹീനമായ അന്തരീക്ഷത്തിലും ചുറ്റുപാടുകളിലും നിർമിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് പൊതുജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയുയർത്തുന്നത്. പരാതിക്കിടയിൽ നാമമാത്ര പരിശോധന മാത്രമാണ് ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്നത്. ജലജന്യരോഗങ്ങൾ, മഞ്ഞപ്പിത്തം, പനി എന്നീ ലക്ഷണങ്ങളോടുകൂടി നിരവധിപേരാണ് നാദാപുരം മേഖലയിൽനിന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി എത്തുന്നത്. ചേലക്കാട്, വാണിമേൽ ഭാഗങ്ങളിലാണ് കൂടുതൽ മഞ്ഞപ്പിത്ത ബാധ നേരത്തെ റിപ്പോർട്ട് ചെയ്തത്. ഹോട്ടലിലെ ജലപരിശോധനക്ക് നിലവിൽ സംവിധാനമൊന്നുമില്ലാത്തതിനാൽ കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താൻ കഴിയാത്ത നിലയിലാണ്. ഇതിനിടയിലാണ് തണുത്തതും ഉപ്പിലിട്ടതുമടക്കമുള്ള വസ്തുക്കളുടെ വിൽപന തകൃതിയായി നടക്കുന്നത്.
കല്ലാച്ചിയിലെ മോഡേൺ ബേക്കറിയുടെ പ്രവർത്തനം പരിശോധിച്ച ആരോഗ്യ വകുപ്പിന് കടുത്ത നിയമലംഘനമാണ് കഴിഞ്ഞ ദിവസം കണ്ടെത്താനായത്. തുടർന്ന് പൊതുജനാരോഗ്യ നിയമങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടും വൃത്തിഹീനമായ രീതിയിലും ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന തരത്തിലും ബേക്കറി സാധനങ്ങൾ ഉണ്ടാക്കിയ നിർമാണ യൂനിറ്റ് ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം അടപ്പിച്ചു. ജല ഗുണനിലവാര പരിശോധന നടത്താതെയും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും പ്രവർത്തിച്ച ഈ ബേക്കറിയോട് അനുബന്ധിച്ചുള്ള കൂൾബാറിന്റെ പ്രവർത്തനവും ആരോഗ്യ വിഭാഗം നിർത്തലാക്കി.
പൊതുജനങ്ങളിൽ നിന്ന് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നത്.
മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കുന്നതും ജലഗുണനിലവാര പരിശോധന നടത്താതെയുള്ള കുടിവെള്ളം പൊതുജനങ്ങൾക്ക് നൽകുന്നതും മഞ്ഞപ്പിത്ത രോഗസംക്രമണം ഗ്രാമപഞ്ചായത്തിൽ അനുദിനം വർധിക്കുന്നതിന് കാരണമായ സാഹചര്യത്തിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.