കോഴിക്കോട്: ഒരു നൂറ്റാണ്ടോളം നഗരത്തിന് സമയം കാണിക്കുകയും കൃത്യനേരങ്ങളിൽ മണിമുഴക്കി അറിയിക്കുകയും ചെയ്ത ക്ലോക്ക് എടുത്തുമാറ്റി. പഴയകാല പ്രതാപമുറങ്ങുന്ന ബാങ്ക് റോഡിലെ അശോക ആശുപത്രി കെട്ടിടം മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് പൊളിക്കുന്നതിനു മുന്നോടിയായാണ് ക്ലോക്ക് മാറ്റിയത്. ടവറിൽ വ്യാഴാഴ്ച രാവിലെ 10ന് അവസാന മണി മുഴങ്ങിയതോടെ തുടങ്ങിയ അഴിച്ചുമാറ്റൽ പൂർത്തിയായി.
ഈ മാസംതന്നെ കോഴിക്കോടിന്റെ മുഖമുദ്രയായിരുന്ന കെട്ടിടംപൊളി തുടങ്ങാനാണ് തീരുമാനമെന്ന് ഉടമകൾ പറഞ്ഞു. ഓസ്ട്രിയയിൽനിന്ന് എത്തിച്ച വിയന ക്ലോക്കിന്റെ ഒരാൾ പൊക്കത്തിലുള്ള കൂടും മറ്റു സാധനങ്ങളും മാറ്റി. വലിയ രണ്ടു മണികളാണ് കെട്ടിടത്തിൽ സ്ഥാപിച്ചിരുന്നത്. വിലപിടിപ്പുള്ള ക്ലോക്ക് സുരക്ഷിതമായി നീക്കുന്നതിന്റെ ഭാഗമായാണ് എടുത്തുമാറ്റിയത്. 1930ലാണ് ബാങ്ക് റോഡിൽ ആശുപത്രി ഉയർന്നത്. കോഴിക്കോട്ടെ ആദ്യകാല ഡോക്ടർമാരിൽ ഒരാളായ ഡോ. വി.ഐ. രാമൻ, മകന്റെ പേരിലാണ് ആശുപത്രി തുറന്നത്. ഡോ. രാമൻ പഠിച്ച വിയനയിലെ കെട്ടിടങ്ങളുടെ മാതൃകയിൽ കോഴിക്കോട്ടും ആശുപത്രി പണിയുകയായിരുന്നു.
പഴയ യൂറോപ്യൻ മാതൃകയിലുള്ള രൂപകൽപനയാണ് അശോക ആശുപത്രി കെട്ടിടത്തെ വേറിട്ടതാക്കിയത്. വലിയ ശബ്ദത്തിലുള്ള ക്ലോക്കിലെ മണിമുഴക്കം നഗര കൗതുകങ്ങളിലൊന്നായിരുന്നു. കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മികച്ച അനുഭവമായിരുന്നു. 80കൾക്കു ശേഷമാണ് നഗരത്തിൽ വലിയ സ്വകാര്യ ആശുപത്രികൾ ഉയർന്നത്. ആശുപത്രിയിൽ എല്ലാ വിഭാഗം ചികിത്സകളും തുടക്കത്തിലുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയായി മാറി. ദന്താശുപത്രിയും ഇവിടെ പിന്നീട് വന്നു.
അശോക ആശുപത്രിയിലെ ഉമ്പിച്ചി തിയറ്റർ വലിയ സൗഹൃദത്തിന്റെ ചരിത്രം ഓർമിപ്പിക്കുന്നതാണ്. ചാലിയത്തെ പ്രമുഖനായിരുന്ന ജെ.പി. ഉമ്പിച്ചി എന്ന മനുഷ്യസ്നേഹിയുടെ ഓർമക്കാണ് ഈ ആതുരാലയത്തിലെ തിയറ്ററിന് ഉമ്പിച്ചി തിയറ്റർ എന്ന് പേരിട്ടത്. അശോക ആശുപത്രിയുടെ സ്ഥാപകൻ ഡോ. വി.ഐ. രാമന് യൂറോപ്പിൽ പോയി വൈദ്യം പഠിക്കാൻ എല്ലാ സഹായങ്ങളും നൽകിയതിന് നന്ദിസൂചകമായാണ് അശോക ആശുപത്രിയിൽ ഉമ്പിച്ചി ഹാജിക്ക് സ്മാരകം ഉണ്ടായത്. അടുത്തകാലം വരെ അശോക ഹോസ്പിറ്റലിന്റെ പ്രധാന കെട്ടിടത്തിന്റെ പേര് ഉമ്പിച്ചി തിയറ്റർ എന്നായിരുന്നു. ഉമ്പിച്ചി ഹാജിയുടെ ചിത്രവും ഇവിടെ വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.