കോഴിക്കോട്: എല്ലാവർക്കും ഒരിക്കൽകൂടി പറയുന്നു, ശുഭദിനം, നന്ദി, നമസ്കാരം...സ്വരമാധുര്യം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രോതാക്കളുടെ മനസ്സിൽ കയറിക്കൂടിയ അശ്വതി ചേച്ചി തന്റെ പ്രിയപ്പെട്ട ശ്രോതാക്കൾക്ക് ഒരിക്കൽകൂടി നന്ദി പറഞ്ഞ് ഇന്ന് കോഴിക്കോട് ആകാശവാണി നിലയത്തിൽനിന്ന് പടിയിറങ്ങും. കിലുക്കാംപെട്ടിയിലെ ചേച്ചിയെ ചോദിച്ച് ആകാശവാണിയിലെത്തുന്ന കുട്ടികൾക്ക് ഇനി നിരാശരായി മടങ്ങേണ്ടിവരും. മൂന്നരപ്പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനാണ് ഇവർ ഇന്ന് വിട നൽകുന്നത്. കിലുക്കാംപെട്ടി, ശ്രുതിലയം, ഓർമച്ചെപ്പ് തുടങ്ങിയ ജനപ്രിയ പരിപാടികളിൽ കേട്ടാൽ മതിവരാത്ത ആ ശബ്ദം ഇനി കേൾക്കില്ല.
കൂരാച്ചുണ്ട് സ്വദേശിനിയായ അശ്വതി 1989ൽ 25ാമത്തെ വയസ്സിലാണ് ട്രാൻസ്മിഷൻ എക്സിക്യൂട്ടിവ് ആയി കോഴിക്കോട് ആകാശവാണിയിൽ ജോലിയിൽ കയറിയത്. ശബ്ദമാന്ത്രികൻ ഖാൻ കാവിലിനെ ഏറെ ആരാധനയോടെ കേട്ടുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. ആകാശവാണിയിൽ ആദ്യ പരിപാടി ഖാൻ കാവിലിനൊപ്പം ചെയ്തപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു അശ്വതിക്ക്. താൻ അവതരിപ്പിച്ച രമ എന്ന കഥാപാത്രം കലക്കി എന്ന് തിരക്കഥ എഴുതിയ എം.എൻ. കാരശ്ശേരി പറയുകകൂടി ചെയ്തതോടെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. എഫ്.എം നിലയം വന്നതോടെ സ്വന്തമായി പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പഴയകാല പാട്ടുകൾ ഉൾപ്പെടുത്തി ‘ഓർമയിൽ എന്നെന്നും’ എന്ന ആദ്യ ഫോൺ-ഇൻ പരിപാടി പാട്ടുപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഏറ്റവും കൂടുതൽ കാലം ഒരേ സ്പോൺസർഷിപ്പിൽ പ്രക്ഷേപണം ചെയ്ത പരിപാടിയായും ഇത് മാറി. പിന്നീട് സംഗീതം, നാടകം, ആരോഗ്യം, വനിതാവേദി, സാഹിത്യം, വിദ്യാഭ്യാസം, ഹിന്ദി പരിപാടി, ബാലലോകം, യുവവാണി തുടങ്ങി എല്ലാവിധ പരിപാടിയും ഏറ്റെടുത്ത് തന്റെ കൈയൊപ്പു ചാർത്തി.
34 വർഷം നീണ്ട സർവിസ് മുംബൈ നിലയംവരെ കറങ്ങിത്തിരിഞ്ഞു. ഈ വർഷം ഏപ്രിൽ മാസത്തിൽ കോഴിക്കോട് നിലയത്തിലെ രണ്ടാമത്തെ വനിതാ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. 2005ൽ മതസൗഹാർദത്തിന് ലാസ കൗൾ അവാർഡിന് അർഹയായി. മികച്ച അവതാരകക്കുള്ള അക്ഷരം പുരസ്കാരവും തേടിയെത്തി. അതിലേറെ ഹൃദയസ്പർശിയായിരുന്നു കിലുക്കാംപെട്ടിക്ക് നല്ലളം എ.യു.പി സ്കൂൾ അധ്യാപകരും രക്ഷിതാക്കളും നൽകിയ അവാർഡെന്ന് അശ്വതി പറയുന്നു. ഔദ്യോഗിക ഭാഷാവിഭാഗത്തിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച വി. ബാലകൃഷ്ണനാണ് ഭർത്താവ്. മൂത്ത മകൾ ഗായത്രി സോഫ്റ്റ്വെയർ എൻജിനീയറാണ്. ഇളയ മകൾ ഗോപിക എം. ടെക് കഴിഞ്ഞു. ഭർത്താവിനും മക്കൾക്കുമൊപ്പം കരുവിശ്ശേരി ജനത റോഡിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.