കോഴിക്കോട്: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ നഗരത്തിൽ ഓട്ടോ -ടാക്സി ൈഡ്രവർമാർ വ്യാഴാഴ്ച മുതൽ ഓട്ടംതുടങ്ങും. ടി.പി.ആർ നിരക്കനുസരിച്ചുള്ള നിയന്ത്രണങ്ങളുള്ള സ്ഥലങ്ങൾ ഉള്ളതിനാൽ എങ്ങോട്ടെല്ലാം ഓടണമെന്ന വ്യക്തതയില്ലാത്തത് ആശങ്കയുണ്ടാക്കുന്നതായി തൊഴിലാളികൾ പറഞ്ഞു.
ദീർഘദൂര യാത്രകളും ട്രെയിനും ബസും വിവാഹങ്ങളും മറ്റും പുനരാരംഭിച്ചാലേ ടാക്സികൾക്ക് ഓട്ടംകിട്ടുകയുള്ളൂ. ഇളവുകൾ വരുന്നതിന് മുമ്പുതന്നെ നഗരത്തിലെ പല ഓട്ടോ തൊഴിലാളികളും ഓടിത്തുടങ്ങിയിരുന്നു. പാളയം, റെയിൽവേ സ്േറ്റഷൻ, കെ.എസ്.ആർ.ടി.സി, മൊഫ്യൂസിൽ സ്റ്റാൻഡ് തുടങ്ങി പലയിടത്തും ഓട്ടോകളുടെ വലിയ നിര കഴിഞ്ഞ ദിവസങ്ങളിൽതന്നെ പ്രത്യക്ഷപ്പെട്ടു. സാമ്പത്തിക ബദ്ധിമുട്ട് കൊണ്ടുതന്നെയാണ് ഒാട്ടോകൾ നേരത്തേ നിരത്തിലിറക്കിയതെന്നും സത്യവാങ്മൂലം എഴുതിെവച്ചാണ് ഒാട്ടമെന്നും തൊഴിലാളികൾ പറഞ്ഞു.
മിക്കപ്പോഴും ജീവിക്കാനായി വണ്ടിയിറക്കിയ ഓട്ടോ ജീവനക്കാരോട് പൊലീസ് ഉദാരമായി പെരുമാറുന്നുണ്ട്. ഇപ്പോഴും അധിക ചാർജ് വാങ്ങാതെ സർക്കാർ നിശ്ചയിച്ച നിരക്കുതന്നെ വാങ്ങി ഓടുന്നതിനാൽ കോഴിക്കോട് നഗരത്തിലെ ഓട്ടോക്കാരാണ് സംസ്ഥാനത്ത് ഏറ്റവുമധികം പ്രയാസപ്പെടുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
ബസ്സ്റ്റാൻഡുകളുടെ അടുത്തുപോലും മണിക്കൂറോളം കാത്തുകിടന്നിട്ടാണ് ഓട്ടം കിട്ടുന്നത്. നഗരത്തിലെ തൊഴിലാളികൾ സി.സി പെർമിറ്റുള്ള 4300േലറെ ഓട്ടോറിക്ഷകളിലാണ് തൊഴിലെടുക്കുന്നത്. ഇവരെ ആശ്രയിച്ച് 8000ത്തിലേറെ കുടുംബങ്ങളുണ്ട്.
കോഴിക്കോട്: ജില്ലയിൽ വ്യാഴാഴ്ച മുതൽ ബസുകൾ ഭാഗികമായി നിരത്തിലിറക്കാനാണ് ഉടമകളുടെ തീരുമാനം. 10 ശതമാനം ബസുകളെങ്കിലും ഓടുമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എം. തുളസീദാസ് അറിയിച്ചു.
എല്ലാ റൂട്ടിലും രണ്ടോ മൂന്നോ ബസെങ്കിലുമുണ്ടാവും. എല്ലാ ട്രിപ്പുകളും ഓടണമെന്നില്ല. കണ്ണൂർ, കുറ്റ്യാടി, ബാലുശ്ശേരി തുടങ്ങി എല്ലാ റൂട്ടിലും ഓടിക്കണമെന്നാണ് തീരുമാനം. എന്നാൽ, പലർക്കും വണ്ടി നിരത്തിലിറക്കാനാവാത്ത അവസ്ഥയുണ്ട്. നികുതിയടക്കാൻ പറ്റാത്തവരും ഇൻഷുറൻസ് അടക്കാനാവാത്തവരും ദിവസങ്ങളായി ഓടാതെ കിടന്ന് കേടായവയുമൊക്കെയുണ്ട്.
നികുതിയിളവും ഡീസലിന് സബ്സിഡിയും ലഭിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ബസുകൾ ഓടിയാലും ആളുണ്ടാവുമോയെന്ന ആശങ്കയുമുണ്ട്. അറ്റകുറ്റപ്പണികളും മറ്റും കഴിഞ്ഞ് തിങ്കളാഴ്ച മുതൽ കൂടുതൽ ബസുകൾ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.