ഡെ​മോ​ക്രാ​റ്റി​ക് ഡ​യ​ലോ​ഗ് ഫോ​റം കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ അ​ട​ങ്ങു​ന്ന

വ​സ്തു​താ​ന്വേ​ഷ​ണ സം​ഘം ആ​വി​ക്ക​ൽ തോ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​ഡ്വ. പി.​എ പൗ​ര​ൻ വി​വ​ര​ങ്ങ​ൾ

ശേ​ഖ​രി​ക്കു​ന്നു

ആവിക്കൽ തോട് മാലിന്യ പ്ലാന്‍റ്; വസ്തുതാന്വേഷണ സംഘം പരിശോധന നടത്തി

കോഴിക്കോട്: ശൗചാലയ മാലിന്യ പ്ലാന്‍റിനെതിരെ നാട്ടുകാർ സമരംചെയ്യുന്ന ആവിക്കൽ തോടിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വസ്തുതാന്വേഷണ സംഘമെത്തി. നിയമജ്ഞർ, സാങ്കേതിക വിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതിപ്രദേശം സന്ദർശിച്ചത്.

അഡ്വ. പി.എം. പൗരൻ, അഡ്വ. ശങ്കരൻ വടകര, പി.ടി. ഹരിദാസ്, പ്രഫ. കുസുമം ജോസഫ്, എം.വി. കരുണാകരൻ, എം. ദിവാകരൻ, ഡോ. കെ.എൻ. അജോയ്കുമാർ, ടി. ദേവകി, ടി.പി. ജയരാജ്, കെ.പി. പ്രകാശൻ, കെ. ബാവൻകുട്ടി, കെ. വത്സരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആവിക്കൽ തീരപ്രദേശത്ത് പ്ലാന്‍റ് സൃഷ്ടിക്കാൻ ഇടയുള്ള പാരിസ്ഥിതിക മലിനീകരണത്തെ സംബന്ധിച്ചും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യത്തെ പ്ലാന്‍റ് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും പ്രദേശവാസികളോടും ജനകീയ സമരസമിതി നേതാക്കളോടും സംഘം ചോദിച്ചറിഞ്ഞു. ആവിക്കൽ ഹാർബറിന്‍റെ പ്രവർത്തനത്തെ പ്ലാന്‍റ് ഏതുവിധത്തിലാണ് ബാധിക്കുക, ജനവാസമുള്ള തീരപ്രദേശത്ത് ഇത്തരം പ്ലാന്‍റുകൾ 500 മീ. ദൂരപരിധിക്കപ്പുറം പ്രവർത്തിപ്പിക്കണമെന്ന് നിയമം പാലിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും സംഘം പരിശോധിച്ചു. തീരപ്രദേശത്തുതന്നെ ശൗചാലയ മാലിന്യ പ്ലാന്‍റ് സ്ഥാപിച്ച് മലിനജലം കടലിലേക്ക് ഒഴുക്കിവിടാനാണ് പദ്ധതിയിടുന്നതെന്നും ഇതോടെ വെള്ളയിൽ ഹാർബറിൽ മലിനജലം തങ്ങിനിൽക്കുമെന്നും ഇവിടെനിന്നുള്ള മത്സ്യത്തിന് മാർക്കറ്റിൽ വിലയില്ലാതാകുമെന്നും ആശങ്കപ്പെടുന്നതായി പരിസരവാസികൾ പറഞ്ഞു.

തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം ഇത്തരത്തിലുള്ള പ്രദേശം നികത്തരുതെന്ന് ഹൈകോടതി പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ളതാണെന്നും ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് പ്ലാന്‍റ് സ്ഥാപിക്കുന്നതെന്നും സംഘത്തെ നയിച്ച അഡ്വ. പി.എ. പൗരൻ പറഞ്ഞു. ജനസാന്ദ്രതയുള്ള പ്രദേശത്ത് സ്ഥാപിക്കാൻ പാടില്ലാത്ത ഒരു പ്ലാന്‍റ് ആവിക്കൽ പ്രദേശത്തെ ജനങ്ങളുടെ ഇച്ഛക്ക് വിരുദ്ധമായി എന്തുകൊണ്ട് സ്ഥാപിക്കപ്പെടുന്നു എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മേയർ, പ്രതിപക്ഷ നേതാവ്, കൗൺസിലർമാർ, എം.പി, എം.എൽ.എ, പൊലീസ് ഉദ്യോഗസ്ഥർ, സമരസമിതി നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരുമായി ചർച്ച നടത്താനാണ് സംഘം ഉദ്ദേശിക്കുന്നത്. സമരത്തെതുടർന്ന് നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വസ്തുതകളും സംഘം അന്വേഷിക്കും. ആഗസ്റ്റ് 21ന് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന സംവാദത്തിൽ വസ്തുതാന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡെമോക്രാറ്റിക് ഡയലോഗ് ഫോറം കേരള ചെയർമാൻ പി.ടി. ഹരിദാസ് അറിയിച്ചു.

ഐക്യദാർഢ്യവുമായി സന്ദീപ് പാണ്ഡെ

സമരരംഗത്തുള്ള പ്രദേശവാസികൾക്ക് പിന്തുണയുമായി സാംസ്കാരിക പ്രവർത്തകരും ആവിക്കൽ തോട് പ്രദേശത്തെത്തി. മാഗ്സാസെ അവാർഡ് ജേതാവും പ്രമുഖ ആക്ടിവിസ്റ്റുമായ സന്ദീപ് പാണ്ഡെ ചൊവ്വാഴ്ച വൈകീട്ട് സ്ഥലം സന്ദർശിച്ചു. മാലിന്യപ്ലാന്‍റ് ഇവിടെ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി, മുഖ്യമന്ത്രി പിണറായി വിജയൻ, കോഴിക്കോട് കോർപറേഷൻ മേയർ എന്നിവർക്ക് നിവേദനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആവിക്കൽതോട് ജനകീയ സമരസമിതി പ്രവർത്തകരുമായി സംസാരിച്ച് സ്വന്തം ലെറ്റർപാഡിൽ അദ്ദേഹം നിവേദനവും തയാറാക്കി. തുടർസമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പരിസ്ഥിതി പ്രവർത്തകനായ സി.ആർ. നീലകണ്ഠനുമൊത്താണ് അദ്ദേഹം എത്തിയത്.

ജനം തിങ്ങിപ്പാർക്കുന്ന വെള്ളയിൽ-ആവിക്കൽതോട് പ്രദേശത്തുനിന്ന് ശൗചാലയ മാലിന്യ പ്ലാന്‍റ് നിർമിക്കാനുള്ള നീക്കത്തിൽനിന്ന് കോർപറേഷൻ പിന്തിരിയണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.സി. മായിൻ ഹാജി ആവശ്യപ്പെട്ടു. ആവിക്കൽ തോട് പ്രദേശത്തെത്തിയ അദ്ദേഹം പ്രദേശവാസികളിൽനിന്നും ജനകീയ സമരസമിതി പ്രവർത്തകരിൽനിന്നും വിവരങ്ങൾ ശേഖരിച്ചശേഷം പ്രതികരിക്കുകയായിരുന്നു. കോർപറേഷന്‍റെ കൈവശമുള്ള ജനവാസം കൂടുതലുള്ള പ്രദേശത്തേക്ക് പ്ലാന്‍റ് മാറ്റുകയാണ് വേണ്ടത്. ഇവിടത്തന്നെ പ്ലാന്‍റ് സ്ഥാപിക്കണമെന്ന് കോർപറേഷൻ വാശിപിടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പ്രദേശവാസികൾ ഒന്നടങ്കം അണിനിരന്നിട്ടുള്ള സമരത്തിന് മുസ്‍ലിംലീഗിന്‍റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - avikkal thod Waste Plant; The fact-finding team conducted the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.