നന്മണ്ട: അംഗൻവാടിയുടെ ശോച്യാവസ്ഥ കാരണം കുരുന്നുകൾ പഠിക്കുന്നത് സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതും പഞ്ചായത്ത് 13ാം വാർഡിൽപെട്ടതുമായ 55 ാം നമ്പർ കരുണാറാം അംഗൻവാടിയിലെ കുരുന്നുകളാണ് കളിയും ചിരിയുമായി താഴെ കാളമ്പത്ത് വീടിന്റെ അങ്കണത്തിൽ ഒത്തുകൂടി ഹരിശ്രീ കുറിക്കുന്നത്.
നിലവിലെ പഴഞ്ചൻ കെട്ടിടം ഏതു സമയവും ഇടിഞ്ഞുവീഴും. ചുമരുകൾ വിണ്ടുകീറിയിട്ടുണ്ട്. ക്ലാസ് മുറിയുടെ വാതിൽ ഉള്ളിലോട്ട് തള്ളിനിൽക്കുകയാണ്. പഴയ ഓടിട്ട കെട്ടിടം 2003ൽ നവീകരിച്ചതായിരുന്നു. നവീകരണപ്രവൃത്തിയിലെ അപാകതയാണ് കെട്ടിടത്തിന് ഭീഷണിയായി മാറിയതെന്ന് രക്ഷിതാക്കൾ പറയുന്നു. വീഴാറായ കെട്ടിടത്തിലേക്ക് കുരുന്നുകളെ പറഞ്ഞയച്ച് കുരുതികൊടുക്കാൻ ഞങ്ങൾ തയാറല്ല എന്ന രക്ഷിതാക്കളുടെ വേവലാതിയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് ക്ലാസ് തുടങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചത്.
വർക്കർ, ഹെൽപർ, 26 കുട്ടികൾ എന്നിവർ ഇവിടെയുണ്ട്. ആറു മാസം തൊട്ട് മൂന്നു വയസ്സു വരെയുള്ള 33 കുട്ടികൾക്കുള്ള അമൃതും ഗർഭിണികളും മുലയൂട്ടുന്നവരുമായ 16 പേരും ഈ അംഗൻവാടിയിലെത്തുന്നു. അംഗൻവാടി അപകടാവസ്ഥയിലായിട്ട് രണ്ടര വർഷത്തിലേറെയായി. ചേളന്നൂർ ഐ.സി.ഡി.എസിന്റെ കീഴിലാണിത്. കുരുന്നുകൾക്ക് സുരക്ഷിതമായ കെട്ടിടം വേണമെന്ന നിലപാടിലാണ് രക്ഷിതാക്കൾ. തൽക്കാലം സ്കൂളിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ അധികൃതർ നടത്തുന്നുണ്ടെങ്കിലും രക്ഷിതാക്കൾ കടുത്ത അമർഷത്തിലാണ്. രണ്ടര വർഷമായിട്ടും കെട്ടിടം പൊളിച്ചുപണിയാതെ കുരുന്നുകളെ പെരുവഴിയിലാക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവർ ചെയ്യുന്നതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.