ബാലുശ്ശേരി: പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ആദ്യ ഡോക്ടറായി ഡോ. വി.എസ്. അനിഷ പനങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ചുമതലയേറ്റത് ഗ്രാമപഞ്ചായത്തിനും നാട്ടുകാർക്കും അഭിമാനമായി. രണ്ടാം വാർഡിലെ കിഴക്കേകുറുമ്പൊയിൽ സ്വദേശിയായ അനിഷ സ്വന്തം ഗ്രാമത്തിൽ സേവനം ചെയ്യാനവസരം ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ്. കിഴക്കേ കുറുമ്പൊയിൽ വിജയെൻറയും സൗമിനിയുടേയും മകളായ അനിഷ തൃശൂർ മെഡിക്കൽ കോളജിൽനിന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് പഠനം പൂർത്തിയാക്കിയത്.
നാട്ടിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിച്ചതിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് നന്ദിയുണ്ടെന്നും അനിഷ പറഞ്ഞു. സഹോദരി അഞ്ജലി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നഴ്സായി ജോലി ചെയ്തുവരുകയാണ്. പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചാർജെടുക്കാനെത്തിയ ഡോക്ടർക്ക് പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ത്രിവേണി പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
മെഡിക്കൽ ഓഫിസർ ഡോ. പി.എൻ. അപർണ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ, പഞ്ചായത്തംഗം കെ.പി. ദിലീപ്കുമാർ, ബാലകൃഷ്ണൻ മാതുകണ്ടി, ഹെൽത്ത് ഇൻസ്പെക്ടർ തോമസ്മാത്യു, അനിഷയുടെ പിതാവ് വിജയൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.