ബാലുശ്ശേരി: അപ്ന ഘർ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന് തൊഴിൽ-എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. അന്തർസംസ്ഥാന തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതി. കിനാലൂരിൽ നിർമിക്കുന്ന ഹോസ്റ്റലിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. 500 തൊഴിലാളികളെയാണ് ആദ്യഘട്ടത്തിൽ ഇവിടെ പാർപ്പിക്കുക. ചുരുങ്ങിയ വാടകയാണ് ഈടാക്കുക.
കിനാലൂർ കെ.എസ്.ഐ.ഡി.സി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻററിലെ ഒരേക്കർ ഭൂമിയിൽ അന്തർസംസ്ഥാന തൊഴിലാളികൾക്കായി മൂന്നു നിലകളിലായി 520 ബെഡുകളോട് കൂടിയ ഹോസ്റ്റൽ സമുച്ചയമാണ് ഭവനം ഫൗണ്ടേഷൻ കേരള നിർമിക്കാൻ പദ്ധതിയിടുന്നത്.
മൂന്ന് നിലകളിലായി 43,600 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം. ലോബി ഏരിയ, വാർഡൻ മുറി, ഓഫിസ് മുറി, സിക്ക് റൂം, 180 പേർക്ക് സൗകര്യമുള്ള ഡൈനിങ് ഏരിയ, വർക് ഏരിയ, സ്റ്റോർ റൂം, ഡിഷ് വാഷ് ഏരിയ എന്നിവയോടുകൂടിയ അടുക്കള, 48 ടോയ്ലറ്റുകൾ, രണ്ട് കോണിപ്പടികൾ, റിക്രിയേഷൻ റൂമുകൾ, സെക്യൂരിറ്റി കാബിൻ, പാർക്കിങ് സൗകര്യങ്ങൾ, അഗ്നിശമന സംവിധാനം, മഴവെള്ള സംഭരണി, ഖരമാലിന്യ നിർമാർജന യൂനിറ്റ്, സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, ഡീസൽ ജനറേറ്റർ സംവിധാനം, 24 മണിക്കൂർ സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനം എന്നിവ ഉണ്ടാകും.
ചടങ്ങിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഹമ്മദ്കോയ, ഗ്രാമപഞ്ചായത്ത് അംഗം പി.കെ. നാസർ, ജി.എൽ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.