ബാലുശ്ശേരി: അധികൃതരെത്താൻ വൈകിയതുകാരണം ബാലുശ്ശേരി ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ. കോളജിൽ ഡിഗ്രി അഡ്മിഷനെടുക്കാനെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും ദുരിതത്തിലായി. ശനിയാഴ്ചയായിരുന്നു കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഡിഗ്രിയുടെ രണ്ടാംഘട്ട അലോട്ട്മെന്റിന്റെ അഡ്മിഷനെടുക്കേണ്ടിയിരുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഡ്മിഷനെടുക്കാന്‍ കിനാലൂരിലുള്ള കാമ്പസില്‍ രാവിലെ 10ന് എത്തിയപ്പോഴാണ് ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തില്ലെന്നറിയുന്നത്. പ്രിന്‍സപ്പൽ, സീനിയര്‍ സൂപ്രണ്ട്, വകുപ്പ് മേധാവികള്‍ തുടങ്ങിയവരാരും കോളജില്‍ എത്തിയിരുന്നില്ല. ഏറെ നേരം കാത്തിരുന്നിട്ടും സ്ഥലത്തെത്താത്തതിനെത്തുടര്ന്ന് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്ഥലം എം.എൽ.എയും ജനപ്രതിനിധികളും ഇടപ്പെട്ട് പ്രിൻസിപ്പൽ അനിൽകുമാറിനെ ബന്ധപ്പെട്ടതോടെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പ്രിന്‍സിപ്പലും സൂപ്രണ്ടുമടക്കമുള്ളവര്‍ സ്ഥലത്തെത്തിയത്.
കാമ്പസിനു സമീപം ഹോട്ടൽ സൗകര്യമില്ലാത്തതിനാൽ സ്ത്രീകളടക്കമുള്ള രക്ഷിതാക്കൾ ഏറെ പ്രയാസപ്പെട്ടു. വിദ്യാർഥികൾക്ക് രേഖകൾ പ്രിന്റ് എടുക്കാൻ പോലും ഇവിടെ സൗകര്യമൊരുക്കിയില്ല. അലോട്ട്മെന്റിന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും സ്ഥലത്ത് വേണമെന്നിരിക്കെ പകരം ആര്‍ക്കും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് വിദ്യാര്‍ഥികളോടുള്ള ഈ ക്രൂരത ഇവര്‍ കാട്ടിയത്. ഓഫിസിലുള്ള ചില ക്ലറിക്കൽ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായും പി.ടി.എ ഫണ്ട് നൽകിയതിന് രസീത് നൽകിയില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.
കോളജ് അധികൃതരുടെ അനാസ്ഥക്കെതിരെ വകുപ്പു മന്ത്രിക്കും യൂനിവേഴ്സിറ്റി അധികൃതർക്കും പരാതി നൽകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.