ബാലുശ്ശേരി: ഓട്ടോറിക്ഷ തൊഴിലാളികളുടെ ജീവിതം ദുരിതമാകുന്നു. രാവിലെ മുതൽ രാത്രി ഏറെ വൈകും വരെ കാത്തിരുന്നിട്ടും ചെലവിനുപോലും വകകിട്ടാതെ ഓട്ടോകളുമായി വീട്ടിലേക്ക് തന്നെ മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ് കഴിഞ്ഞ എട്ടുമാസക്കാലമായി ഓട്ടോ തൊഴിലാളികൾ. ബാലുശ്ശേരി ടൗണിൽ മൂന്നിടങ്ങളിലായി അഞ്ഞൂറിലധികം ഓട്ടോറിക്ഷകളാണ് സർവിസ് രംഗത്തുള്ളത്. മാർക്കറ്റിനടുത്തും, ടൗണിലുമുള്ള ഓട്ടോകൾക്ക് അൽപം പണിയെങ്കിലും കിട്ടുമെങ്കിലും ബസ്സ്റ്റാൻഡിലെ 30ഓളം വരുന്ന ഓട്ടോ റിക്ഷകൾക്ക് പണിയില്ലാതായിട്ട് മാസങ്ങളായി.
രാവിലെ മുതൽ രാത്രി എട്ടുവരെ ഓട്ടോകൾ യാത്രക്കാരെയും പ്രതീക്ഷിച്ച് സ്റ്റാൻഡിനുള്ളിലും മുമ്പിലുമായി കാത്തിരിപ്പ് തുടരുമെങ്കിലും എല്ലാവർക്കും സർവിസ് നടത്താനുള്ള യാത്രക്കാർ ഇപ്പോൾ സ്റ്റാൻഡിൽ എത്തുന്നില്ല എന്നതാണ് യാഥാർഥ്യം. ആരെങ്കിലും വന്നാലോ എന്ന പ്രതീക്ഷയോടെ രാത്രി ഏറെ വൈകും വരെ ഓട്ടോ തൊഴിലാളികൾ സ്റ്റാൻഡിൽ തന്നെയുണ്ടാകും. ചിലർക്ക് ചെലവിനുള്ള പണം കിട്ടുമെന്നും ചിലർക്ക് ഒന്നും കിട്ടാറില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ബസ്സുകൾ നന്നെ കുറവായതിനാൽ യാത്രക്കാരും എത്താറില്ല എന്നതാണ് സ്ഥിതി. ടൗണിൽ ഒരുഭാഗം കണ്ടെയ്ൻമെൻറ് സോണായതോടെ ഉള്ള ഓട്ടവും ഒരാഴ്ചയായി നിലച്ചിരിക്കയാണ്.
പലരും ബാങ്ക് വായ്പയെടുത്താണ് ഓട്ടോകൾ നിരത്തിലിറക്കിയത്. ബാങ്ക് അടവ് അടയ്ക്കാനോ, പെട്രോൾ ചെലവ് നികത്താനോ പോലും കലക്ഷൻ കിട്ടാതായിട്ട് മാസങ്ങളായി. ഓടാതിരുന്നാൽ വണ്ടി കേടായിപ്പോകുമെന്ന ആശങ്കയുള്ളതിനാൽ രാവിലെ തന്നെ ടൗണിലേക്ക് എത്തുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
ചിലരെല്ലാം ഓട്ടോകൾ ഷെഡ്ഡിലാക്കി നാടൻ പണിക്കും തൊഴിലുറപ്പ് പണിക്കുമായി പോയിട്ടുണ്ടെന്നും തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.