ബാലുശ്ശേരി: ടൗൺ നവീകരണത്തിന്റെ ഭാഗമായി നടപ്പാതയിൽ ഹാൻഡ് റെയിൽ സ്ഥാപിക്കൽ പ്രവൃത്തി ഓട്ടോ തൊഴിലാളികൾ തടഞ്ഞു. മാർക്കറ്റിന് മുന്നിൽ സംസ്ഥാന പാതയിലെ ഓട്ടോ പാർക്കിങ്ങിന് ഹാൻഡ് റെയിൽ സ്ഥാപിക്കുന്നത് അസൗകര്യം സൃഷ്ടിക്കുമെന്നാരോപിച്ചാണ് ഓട്ടോ തൊഴിലാളികൾ പ്രവൃത്തി തടഞ്ഞത്. പൊലീസ് സ്റ്റേഷൻ മുതൽ ചിറക്കൽ ക്ഷേത്രം വരെയുള്ള ഇരുഭാഗത്തെ നടപ്പാതയിലും ഹാൻഡ് റെയിൽ സ്ഥാപിക്കൽ പ്രവൃത്തി നടന്നുവരുകയാണ്.
ടൗണിലെ കടകൾക്കു മുന്നിൽ ഹാൻഡ് റെയിൽ സ്ഥാപിക്കാതെ ഒഴിവാക്കിയിടുന്നതിൽ അപാകതകളുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. സ്റ്റാൻഡിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ 25 മീറ്ററോളം ഭാഗമാണ് ഹാൻഡ് റെയിൽ സ്ഥാപിക്കാതെ ഒഴിവാക്കിവിട്ടത്.
ടൗണിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന് മാർക്കറ്റിന് മുന്നിലെ ഓട്ടോ പാർക്കിങ്ങാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ നടപ്പാതയിൽനിന്ന് റോഡിലേക്ക് ഇറക്കിയാണ് ഹാൻഡ് റെയിൽ സ്ഥാപിക്കുന്നത്. ഇതുകാരണം ഓട്ടോ പാർക്കിങ് സൗകര്യം വീണ്ടും കുറയാനാണ് സാധ്യതയെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എം.എൽ.എക്കും ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. നാലു വർഷം മുമ്പ് ആരംഭിച്ച ടൗൺ നവീകരണ പ്രവൃത്തി കരാറുകാരന്റെ അനാസ്ഥകാരണം മുടങ്ങിയിരുന്നു. ആദ്യം പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ മാറ്റി പുതിയ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തതോടെയാണ് നവീകരണം വീണ്ടും ആരംഭിച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും സ്തംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് മൂന്നു കോടി രൂപയാണ് ടൗൺ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.