ബാലുശ്ശേരി: ബാലുശ്ശേരി ടൗൺ നവീകരണ പ്രവൃത്തിയിൽ സ്തംഭനം, കരാറുകാരനെ ഒഴിവാക്കാൻ നിർദേശം. 2018ൽ തുടങ്ങിയ ബാലുശ്ശേരി ടൗൺ നവീകരണപ്രവൃത്തി മൂന്നു വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 800 മീറ്റർ പ്രവൃത്തിയാണ് ഇനി നടക്കാനുള്ളത്. ടൗണിലെ ഓവുചാൽ സ്ലാബിട്ട് നവീകരിച്ച് ഫുട്പാത്തിൽ ടൈൽ പതിച്ച് ഹാൻഡ് റെയിൽ സ്ഥാപിക്കാനുള്ള പ്രവൃത്തിയാണ് നടക്കാനുള്ളത്.
ഓവുചാൽ സ്ലാബിട്ട് നവീകരിക്കുന്നത് പാതിവഴിയിൽ നിലച്ചു. ടൈൽ പതിക്കലും പാതിവഴിലാക്കി നിർത്തി. ഇതിനിടെ ഇക്കഴിഞ്ഞ ജൂലൈ 20ന് പൊതുമരാമത്ത് മന്ത്രി ബാലുശ്ശേരിയിലെത്തിയപ്പോൾ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് കരാറുകാരെൻറ മെല്ലെപ്പോക്കുനയത്തിനെതിരെ വിമർശനമുയർത്തിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 30നുമുമ്പ് പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ പൊതുമരാമത്ത് മന്ത്രിയുടെ മുന്നിൽവെച്ച് ഉറപ്പും നൽകി. എന്നാൽ, ഉറപ്പ് പാലിക്കാൻ കരാറുകാരൻ തയാറായില്ല. സെപ്റ്റംബറിൽ ഫുട്പാത്ത് ടൈൽ പാകാനുള്ള പ്രവൃത്തി തുടങ്ങിയെങ്കിലും പാതിവഴിയിൽവെച്ച് നിർത്തി പോകുകയായിരുന്നു. ബാലുശ്ശേരി ടൗണിൽ ബസ്സ്റ്റാൻഡിനു മുന്നിൽ ഫുട്പാത്തിൽ പാകാനായുള്ള ടൈൽ ഒരു മാസം മുമ്പെ ഇറക്കിവെച്ചെങ്കിലും പാകിയിട്ടില്ല. ഇതാകട്ടെ കാൽ നടക്കാർക്കും കടക്കാർക്കും ഇപ്പോൾ ബുദ്ധിമുട്ടായിരിക്കയാണ്.
പണിസ്തംഭനം തുടരുന്നതിനാൽ നാട്ടുകാർക്കിടയിൽ പ്രതിഷേധവും ശക്തമായി. കഴിഞ്ഞ ദിവസം എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ കരാറുകാരനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കരാറുകാരനെ ഒഴിവാക്കാനുള്ള കത്ത് എക്സിക്യൂട്ടിവ് എൻജിനീയർ പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയർക്ക് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.