ബാലുശ്ശേരി: 105ലെത്തിയ ചെക്കൂട്ട്യാട്ടൻ പറയുന്നു വീട്ടിൽ വോട്ട് വേണ്ട, ബൂത്തിൽ പോയി ഇത്തവണയും വോട്ടുചെയ്യുമെന്ന്. 85നു മുകളിൽ പ്രായമുള്ളവർക്കു വീട്ടിൽ നിന്നും വോട്ടു ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിന്റെ സൗകര്യം സ്നേഹപൂർവം നിരസിച്ചിരിക്കുകയാണ് മണ്ണാംപൊയിൽ അരിപ്പുറം മുക്കിലെ മണ്ണാന്റെ പിണങ്ങോട്ട് ചെക്കുട്ടിയെന്ന നാട്ടുകാരുടെ ചെക്കൂട്ട്യാട്ടൻ.
കഴിഞ്ഞ മൂന്നു നാല് തവണയായി മകനോടൊപ്പം പോയി ഓപൺ വോട്ടാണെങ്കിലും ബൂത്തിൽ പോയി ആ തിരക്കിനിടയിൽ വോട്ടു ചെയ്തു വരുന്നത് ഒരാത്മ സംതൃപ്തിയാണെന്നാണ് ചെക്കൂട്ട്യാട്ടൻ പറയുന്നത്. മണ്ണാംപൊയിൽ ജി.എൽ.പി സ്കൂളിലാണ് ഇത്തവണയും ബൂത്ത്.
വയസ്സ് 105 പിന്നിട്ടിട്ടും ചെക്കൂട്ട്യാട്ടന് രാഷ്ട്രീയവും കൃഷിയുമാണ് ഇഷ്ട വിഷയങ്ങൾ. ഇപ്പോഴും കണ്ണടയില്ലാതെ പത്രം അരിച്ചു പെറുക്കുന്ന ചെകൂട്ട്യാട്ടന് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെപ്പറ്റിയും ഇടതു-വലത് മുന്നണികളെപ്പറ്റിയും നല്ല ബോധമാണ്. തെരഞ്ഞെടുപ്പ് അടുത്താൽ പ്രത്യേക ആവേശം തന്നെയാണ് ഈ കമ്യൂണിസ്റ്റുകാരന്.
തന്റെ 16ാം വയസ്സിൽ തുടങ്ങിയ കമ്യൂണിസ്റ്റ് പ്രേമം ഇപ്പോഴും തെല്ലും കുറവില്ലാതെ ആവേശത്തോടെ തന്നെയാണ് കൊണ്ടുനടക്കുന്നത്. ഇ.എം.എസും എ.കെ.ജിയും നായനാരുമൊക്കെ ചെക്കൂട്ട്യാട്ടന്റെ ആരാധന പാത്രങ്ങളാണ്.
കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച കാലത്ത് നന്മണ്ടയിലെ കുഞ്ഞിരാമൻ മാസ്റ്ററുടെ മൂന്നാം പിലാക്കുൽ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്ന എ.കെ.ജിക്കും ഇ.എം.എസിനും ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്ന സഹായിയായി പ്രവർത്തിച്ച ചെക്കൂട്ട്യാട്ടന് പഴയകാല ഓർമകൾ ഇന്നും ആവേശം പകരുന്നതാണ്.
ഇ.എം.എസ് തലയിൽ മുണ്ട് കെട്ടി വേഷം മാറി കൊയിലാണ്ടി താലൂക്കിലെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷക്കായി അതേ വേഷത്തിൽ കൂടെ സഞ്ചരിച്ചത് ചെക്കൂട്ട്യാട്ടനായിരുന്നു. കർഷക സമരങ്ങളുടെ ഭാഗമായി പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
കൂത്താളി, ജീരകപ്പാറ, എരമംഗലം, എഴുകണ്ടി, മിച്ചഭൂമി സമരങ്ങളിൽ സജീവമായി പങ്കെടുത്ത ചെക്കൂട്ട്യാട്ടൻ സ്വാതന്ത്ര്യ സമരകാലത്തെ കള്ളുഷാപ്പ് ഉപരോധ സമരത്തിലും പങ്കാളിയാണ്. 1940ൽ നടന്ന ബാലുശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്കാരനായി മത്സരിച്ചെങ്കിലും തോൽക്കുകയായിരുന്നു.
പിന്നീട് 1953ലും 1963ലും ഇതേ ലേബലിൽ മത്സരിച്ചെങ്കിലും തോറ്റു. 1979ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി 382 വോട്ടിനു വിജയിച്ച് ബാലുശ്ശേരി പഞ്ചായത്തംഗമായും പ്രവർത്തിച്ചു. ഇക്കാലയളവിൽ മണ്ണാംപൊയിൽ, പനായി പ്രദേശങ്ങളിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
കൃഷിക്ക് മുഖ്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പിന്നീട് ചെക്കൂട്ട്യാട്ടൻ ജീവിതം നയിച്ചത്. ശുദ്ധമായ ജീവിതവും ചിന്തയും പുലർത്തുന്ന ചെക്കൂട്ട്യാട്ടൻ പറയുന്നത് വർഗീയതയും വിഭാഗീയതയും വളർത്തുന്ന രാഷ്ട്രീയം നല്ല രാഷ്ട്രം കെട്ടിപ്പടുക്കാൻ ഒരിക്കലും സഹായകമാകില്ല എന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.