ബാലുശ്ശേരി: ബാലുശ്ശേരിയിലെ കവിയും നാടക-സിനിമ കലാകാരനുമായ ചൊനാംകണ്ടം ഗോപാലകൃഷ്ണ മേനോൻ ഓർമയായി. മൂന്നുപതിറ്റാണ്ട് കാലം ബാലുശ്ശേരിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന ചൊനാംകണ്ടം ഗോപാലകൃഷ്ണ മേനോൻ '80കളിലും '90കളിലുമായി ഒട്ടേറെ മലയാള സിനിമകളിൽ സാന്നിധ്യം അറിയിച്ച കലാകാരനായിരുന്നു.
സെയിൽ ടാക്സ് വകുപ്പിൽ ജോലിയിലിരിക്കെയാണ് നാടക-സിനിമ-ടെലിഫിലിം മേഖലയിലും ചൊനാംകണ്ടം എന്ന ഗോപാലകൃഷ്ണ മേനോൻ സജീവ സാന്നിധ്യമറിയിച്ചത്.
കെ.ജി. ജോർജിന്റെ പഞ്ചവടിപ്പാലം, എ.ടി. അബുവിന്റെ മാന്യമഹാജനങ്ങളേ, സത്യൻ അന്തിക്കാടിന്റെ വരവേൽപ്, വെള്ളാനകളുടെ നാട്, ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഐ.വി. ശശിയുടെ വാർത്ത, പത്മരാജന്റെ ചിത്രം തുടങ്ങി 11 സിനിമകളിൽ ചൊനാംകണ്ടം അഭിനയിച്ചിട്ടുണ്ട്.
'മാന്യമഹാജനങ്ങളേ' ചിത്രത്തിൽ ലീഗുകാരനായ രാഷ്ട്രീയക്കാരന്റെ വേഷം ശ്രദ്ധേയമായിരുന്നു. പ്രേംനസീറിനും മമ്മൂട്ടിക്കുമൊപ്പമായിരുന്നു അഭിനയം. കെ.ടി.സി.യുടെയും ആരിഫ ഹസന്റെയും മിക്ക ചിത്രങ്ങളിലും ചൊനാംകണ്ടത്തിന് ചെറിയ വേഷം ലഭിച്ചിരുന്നു.
വയനാട്ടിൽ സെയിൽസ് ടാക്സ് ഓഫിസറായിരിക്കെ നികുതി പിരിവിന്റെ കാര്യത്തിൽ നരസിംഹമെന്ന് ചോനാംകണ്ടം അറിയപ്പെട്ടിരുന്നു. അക്കാലത്ത് നാടകരംഗത്ത് നരസിംഹ വേഷത്തിൽ ഒട്ടേറെ സ്റ്റേജുകളിൽ ചൊനാംകണ്ടം പ്രത്യക്ഷപ്പെട്ടിരുന്നു.
കുട്ടിക്കാലത്തുതന്നെ കവിതക്കമ്പവും ഇദ്ദേഹത്തിനുണ്ടായിരുന്നു. പ്രധാനപ്പെട്ട ആനുകാലികങ്ങളിൽ ചൊനാംകണ്ടത്തിന്റെ ഒട്ടേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പുത്തൻ തുടികൾ' പേരിൽ കവിത സമാഹാരവും മടവൻ ക്ഷേത്രചരിത്രം എന്ന മറ്റൊരു പുസ്തകവും ചൊനാംകണ്ടത്തിന്റേതായുണ്ട്. ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു.
ബാലുശ്ശേരിയിലെ ധന്യ ഫിലിം സൊസൈറ്റി സ്ഥാപിച്ചതിലും ഇേദ്ദഹത്തിന് പങ്കുണ്ട്. ദൂരദർശനുവേണ്ടി ആദ്യകാലത്ത് ഒട്ടേറെ ടെലിം ഫിലിമുകളിലും അഭിനയിച്ച ചൊനാംകണ്ടം, നാട്ടിൻപ്രദേശത്തെ നാടക അരങ്ങിലും അണിയറയിലും തിളങ്ങി നിന്നിരുന്നു.
വാർധക്യ അസുഖത്തെതുടർന്ന് ഇന്നലെ വൈകീട്ട് മൂന്നോടെയാണ് ചൊനാംകണ്ടം വിടപറഞ്ഞത്. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ ഒട്ടേറെപ്പേർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.