ബാലുശ്ശേരി: ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടയിൽ കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിനാണ് (44) പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി മുപ്പതാം മൈലിനടുത്ത് ദശരഥൻ കടവിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ വിരട്ടിയോടിക്കാൻ പടക്കം ഉപയോഗിച്ചപ്പോൾ കൈയിൽനിന്ന് തന്നെ പൊട്ടുകയായിരുന്നു. അപകടത്തിൽ കൈപ്പത്തിക്കും ചെവിക്കുമടക്കം പരിക്കേറ്റ സുനിലിനെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് നാട്ടുകാരുടെ സ്ക്വാഡും ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ 14ന് കക്കയം തുവ്വക്കടവ് ഭാഗത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനകളെ പടക്കം പൊട്ടിച്ച് വിരട്ടിയോടിക്കാൻ ശ്രമിക്കവെ വനം വകുപ്പ് വാച്ചർക്ക് പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റിരുന്നു.
കക്കയംവനമേഖലക്ക് തൊട്ടുള്ള ജനവാസമേഖലയിൽ കാട്ടാന ശല്യം വർധിച്ച സാഹചര്യത്തിൽ വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.