ബാലുശ്ശേരി: കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമ മുങ്ങിയതായി പരാതി. വായനോത്ത് രാമചന്ദ്രൻ എന്നയാൾ 2021ൽ കൊളത്തൂരിൽ ആരംഭിച്ച പരം കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 44 ലക്ഷത്തോളം രൂപ കൈവായ്പയെന്ന പേരിൽ രേഖയാക്കിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായ 21 പേർ ഒപ്പിട്ട പരാതി കാക്കൂർ പൊലീസിൽ നൽകിയെങ്കിലും പൊലീസ് ശക്തമായ ഒരു നടപടി എടുത്തിട്ടില്ലെന്നും സ്ഥാപന ഉടമ രാമചന്ദ്രൻ നാട്ടിൽതന്നെ പല ഇടങ്ങളിലായി ഒളിവിൽ കഴിയുകയാണെന്നും തട്ടിപ്പിനിരയായ ദീപ്തി പ്രസാദ്, മുരളീധരൻ, ടി.ടി. പ്രബിത, ധന്യ, സജിത എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപറേറ്റർ ജോലി വാഗ്ദാനം ചെയ്ത് 2021ലാണ് ഉദ്യോഗാർഥികളായ 21 പേരിൽനിന്ന് പണം വാങ്ങിയത്. ഓരോരുത്തരിൽ നിന്നായി ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെയുള്ള തുകകളാണ് കൈവായ്പയെന്ന പേരിൽ വാങ്ങിയത്. ഈ പണം ആറുമാസത്തിനുള്ളിൽ തിരിച്ചുതരുമെന്ന് വിശ്വസിപ്പിച്ചിരുന്നുവെങ്കിലും പണം തിരികെ നൽകിയില്ലെന്നു മാത്രമല്ല, വാഗ്ദാനം ചെയ്ത ജോലിയും നൽകിയിരുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറിന്റെ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് പരം കമ്പ്യൂട്ടേഴ്സ് എന്നായിരുന്നു എല്ലാവരോടും ഉടമ പറഞ്ഞത്.
ഇവിടെ 20,000 രൂപ പ്രതിമാസം ശമ്പളത്തിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഇതേ രീതിയിൽതന്നെ 53ഓളം പേരിൽ നിന്നായി ഒന്നേകാൽ കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി ഇവർ പറഞ്ഞു. കൈവായ്പയായി കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടപ്പോഴൊക്കെ അവധികൾ മാറ്റിമാറ്റി പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കാക്കൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു സ്റ്റേഷൻ എസ്.ഐയുടെ മധ്യസ്ഥതയിൽ 40,900 രൂപ വീതം ഓരോരുത്തർക്കും ഉടമ ഏർപ്പെടുത്തിയ മറ്റൊരാൾ മുഖാന്തരം നൽകിയിരുന്നു.
ബാക്കി തുക നൽകിയിരുന്നുമില്ല. കോഴിക്കോട് പൊലീസ് സൂപ്രണ്ടിനും താമരശ്ശേരി ഡി.വൈ.എസ്.പിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും കാക്കൂർ പൊലീസിന് അന്വേഷണച്ചുമതല നൽകുകയായിരുന്നു. പരാതി നൽകിയ 21 പേരുടെയും മൊഴി രേഖപ്പെടുത്തിയതല്ലാതെ ലക്ഷങ്ങൾ കബളിപ്പിച്ച സ്ഥാപന ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ഇതുവരെ ഊർജിതമാക്കിയിട്ടില്ലെന്നും ഇവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സ്ഥാപന ഉടമ രാമചന്ദ്രൻ കോഴിക്കോട് ജില്ലയിൽ തന്നെയുണ്ടെന്നും ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.