ബാലുശ്ശേരി: നമ്പികുളം ഇക്കോ ടൂറിസം സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 72.32 ലക്ഷം രൂപയുടെ ഭരണാനുമതി. നമ്പികുളം ഹിൽടോപ് ടൂറിസം കേന്ദ്രത്തിൽ ശുചിമുറി കെട്ടിടം, പമ്പ് ഹൗസ്, പ്ലംബിങ് ജോലി, വൈദ്യുതി കണക്ഷൻ, റീടെയിനിങ് വാൾ, വേലി തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.
കൂരാച്ചുണ്ട് പഞ്ചായത്തിൽ സമുദ്രനിരപ്പിൽനിന്ന് 2400 അടിയോളം ഉയരത്തിലുള്ള കാറ്റുള്ളമല-നമ്പികുളം ഹിൽടോപ്പിലെത്തിയാൽ താഴ്വാരത്തിന്റെ അതിമനോഹരമായ കാഴ്ചകൾ കാണാം. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധർമടം തുരുത്ത്, വയനാടൻ മലനിരകൾ, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗിയും ഇവിടെ നിന്ന് ആസ്വദിക്കാനാവും. ഹിൽടോപ് ടൂറിസത്തിന് ഒട്ടേറെ സാധ്യതകളുള്ള കേന്ദ്രം കൂടിയാണിത്.
കൂരാച്ചുണ്ട്, പനങ്ങാട്, കോട്ടൂർ പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. 2018ലാണ് കൂരാച്ചുണ്ട് നമ്പി കുളം ഇക്കോ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. നാലു വർഷം പിന്നിട്ടിട്ടും പദ്ധതി പ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
നാട്ടുകാർ സൗജന്യമായി വിട്ടുനൽകിയ 2.56 ഏക്കർ സ്ഥലത്താണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ 1.50 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിട്ടത്. വ്യൂപോയന്റ്, മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ, വാച്ച് ടവർ, റെയിൻ ഷെൽട്ടർ, പാർക്കിങ് ഏരിയ, സോളാർ ലൈറ്റിങ്, ബയോശൗചാലയം, ഹാൻഡ് റെയിൽപാത്ത് എന്നിവയുടെ നിർമാണമായിരുന്നു ലക്ഷ്യമിട്ടത്.
വ്യൂ ടവറിന്റെ പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ടെങ്കിലും ഏറെക്കാലം മഴയും വെയിലുമേറ്റ് കിടന്നതിനാൽ ടവറിന്റെ ഭാഗങ്ങൾ തുരുമ്പെടുത്തു നശിച്ചിട്ടുണ്ട്. എരപ്പാംതോടിൽ നിന്നും അഞ്ച് കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി വേണം ടൂറിസം കേന്ദ്രത്തിലെത്താൻ. റോഡിന്റെ പകുതി വരെ മാത്രമേ ടാറിങ് നടന്നിട്ടുള്ളൂ. ബാക്കിഭാഗം ചെമ്മൺപാതയാണ്.
2022ൽ എം.എൽ.എ ഫണ്ടിൽനിന്നും 25 ലക്ഷം രൂപയും എം.പി ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയും റോഡ് നിർമാണത്തിനായി അനുവദിച്ചിരുന്നെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ജില്ലക്കകത്തു നിന്നും പുറത്തുനിന്നുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.