ബാലുശ്ശേരി ബസ്‍ സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം

ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച നിലയിൽ കാണപ്പെട്ട

ഒഴിഞ്ഞുകിടക്കുന്ന പഞ്ചായത്ത് സ്ഥലം

ബാലുശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും ലഹരിമാഫിയ സജീവം

ബാലുശ്ശേരി: ടൗണും പരിസര പ്രദേശങ്ങളായ കിനാലൂർ, വയലട, കൂട്ടാലിട, കണ്ണാടിപ്പൊയിൽ, പറമ്പിൻമുകൾ, കുന്നക്കൊടി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ. ലഹരിവിരുദ്ധ ജാഗ്രതയുടെ ഭാഗമായി രണ്ടു മാസത്തിനുള്ളിൽ ഒരു ഡസനോളം ചെറുപ്പക്കാരെ പൊലീസ് പിടികൂടിയിരുന്നു.

ബസ്‍ സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്. രാത്രിയായാൽ ഇവിടെ ലഹരി സംഘങ്ങളുടെ വിളയാട്ടമാണ്. എം.എൽ.എ, എം.പി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി ഫ്ലഡ് ലിറ്റ് പ്രവർത്തന രഹിതമായതുകാരണം ബസ്‍ സ്റ്റാൻഡിൽ ഇരുട്ടാണ്. മൂന്ന് കോടിയോളം മുടക്കി നവീകരിച്ച ബസ്‍ സ്റ്റാൻഡിൽ സ്ഥാപിച്ച കാമറകളും പ്രവർത്തിക്കുന്നില്ല. ഇരുട്ടിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി സംഘം ഒത്തുകൂടുന്നത്.

കഴിഞ്ഞ ദിവസം ബാലുശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് സ്റ്റാൻഡ് മൂലയിലുള്ള കടവരാന്തയിലാണ്. യുവാവിന്റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. രണ്ടുവർഷം മുമ്പ് രാത്രി 12ന് ബസ്‍ സ്റ്റാൻഡിലെ നിർമാണത്തിലുള്ള കെട്ടിടത്തിലെ വെള്ളടാങ്കിൽവീണ് യുവാവ് കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനെ കാറിടിപ്പിച്ച് 11 ലക്ഷം കവർന്ന പരാതിയുണ്ടായിരുന്നു. വയലടയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ രണ്ട് യുവാക്കളെ നാട്ടുകാർ കൈകാര്യം ചെയ്തിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ വയലടയിൽ ലഹരിമാഫിയ നേരത്തെതന്നെ പിടിമുറുക്കിയിട്ടുണ്ട്. ഇവിടെ പൊലീസ് പട്രോളിങ്ങും കുറവാണ്.

Tags:    
News Summary - Drug mafia is active in Balushery town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.