ബാലുശ്ശേരി: സുരക്ഷാ ഭീഷണിയെത്തുടർന്ന് നാലുമാസമായി അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഇന്നുമുതൽ സഞ്ചാരികൾക്ക് പ്രവേശനം നൽകുമെന്ന് കെ.എം. സചിൻ ദേവ് എം.എൽ.എ അറിയിച്ചു.
കരിയാത്തുംപാറ റിസർവോയറിൽപ്പെട്ട പാറക്കടവ് ഭാഗത്ത് തുടർച്ചയായുണ്ടായ അപകടമരണത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 19 നാണ് വിനോദസഞ്ചാര കേന്ദ്രം അടച്ചത്.
സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി ഈമാസം ഫെബ്രുവരി ഒന്നിന് സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള തോണിക്കടവ് ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രധാന ആകർഷണമായ കരിയാത്തുംപാറ റിസർവോയർ പാറക്കടവ് ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കയായിരുന്നു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് കരിയാത്തുംപാറ വീണ്ടും തുറക്കുന്നത്.
കരിയാത്തുംപാറയും അടുത്തുള്ള തോണിക്കടവും ഒരുമിച്ച് സന്ദർശിക്കാൻ 30 രൂപയാണ് ടിക്കറ്റ് നിരക്ക്.
രണ്ടിടങ്ങളിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.