ബാലുശ്ശേരി: എരമംഗലം കരിങ്കൽ ക്വാറിക്കടുത്ത് മണ്ണിടിച്ചിൽ പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ബാലുശ്ശേരി പഞ്ചായത്തിലെ 14ാം വാർഡിൽപെട്ട എരമംഗലം ജെ ആൻഡ് പി ക്രഷറിനോടനുബന്ധിച്ചുള്ള ക്വാറിക്കു സമീപമാണ് കഴിഞ്ഞ ദിവസം പകൽ സമയത്ത് വലിയ ശബ്ദത്തോടെ കുന്നിടിഞ്ഞ് 1000 അടിയോളം താഴ്ചയിലേക്കു പതിച്ചത്.
രണ്ടു ദിവസം മുമ്പ് രാത്രിയിലും മണ്ണിടിച്ചിലുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. എരമംഗലം ഉപ്പൂത്തിക്കണ്ടിയിൽ ക്രഷർ യൂനിറ്റ് പ്രവർത്തിക്കുന്നത് ഉപ്പൂത്തിക്കണ്ടി മലയിലെ കരിങ്കൽ ക്വാറി ഉപയോഗിച്ചാണ്. വലിയ മലയുടെ പകുതി ഭാഗവും ഇടിച്ചുതാഴ്ത്തിക്കഴിഞ്ഞിട്ടുണ്ട്.
മലയുടെ മറുഭാഗത്ത് 35 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ക്വാറി പ്രവർത്തനം മൂലമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണ്ണിടിഞ്ഞ് കുത്തിയൊഴുകി താഴോട്ടു പതിച്ചത്. ഈ വീട്ടുകാർ ഇപ്പോഴും ആശങ്കയിലാണ് കഴിയുന്നത്. ക്വാറിയിലെ വെടിക്കെട്ട് കാരണം വീടുകളിലെ ഓടുകളും ചുമരുകളും ഇളകി വീണ്ടുകീറിയ നിലയിലാണ്. പരിസ്ഥിതിപ്രശ്നങ്ങൾ അവഗണിച്ചാണ് ക്വാറികളുടെ പ്രവർത്തനമെന്ന് നാട്ടുകാർ പറഞ്ഞു.
2013ൽ ക്വാറി തുടങ്ങുമ്പോൾ മലയുടെ ഒരു ഭാഗത്തുണ്ടായിരുന്ന 11 കുടുംബങ്ങളെ ക്വാറി ഉടമതന്നെ സ്ഥലവും വീടും നൽകി തൊട്ടടുത്തുള്ള നന്മണ്ട പഞ്ചായത്തിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
മലയുടെ ഒരു ഭാഗം മുഴുവൻ തുരന്നെടുത്തതോടെയാണ് മറുഭാഗത്തെ താമസക്കാർ ഇപ്പോൾ ഭീഷണിയിലായത്. എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് ക്വാറിയുടെ പ്രവർത്തനം. സമീപവാസികളുടെ പ്രതിഷേധം കുറക്കാനായി ഉപ്പൂത്തിക്കണ്ടി റോഡ് സൈഡിലെ താമസക്കാർക്ക് പ്രതിമാസം 3000 രൂപ വീതവും ക്വാറി ഉടമകൾ നൽകിവരുന്നുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതിക്ക് അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന ക്രഷറിനും ക്വാറിക്കുമെതിരെ ഒരു പ്രതിഷേധവും ഉയരാറില്ല.
ഇവിടത്തെ ജീവനക്കാരുടെ ഭീഷണിപ്പെടുത്തൽ കാരണം ക്രഷർ യൂനിറ്റിനകത്തേക്കോ ക്വാറിക്ക് സമീപത്തേക്കോ പുറത്തുനിന്ന് ആരും എത്തിനോക്കാറുമില്ലെന്നു നാട്ടുകാർ പറഞ്ഞു. മഴയുള്ള ദിവസങ്ങളിൽ മണ്ണിടിച്ചിൽ തുടർന്നാൽ പ്രദേശവാസികൾക്ക് കനത്ത ഭീഷണിയുണ്ടാകുമെന്ന് വാർഡ് അംഗം ഉമ മഠത്തിൽ പറഞ്ഞു. ഇതേ വാർഡിൽ തൊട്ടടുത്തുതന്നെ കോമത്തുചാലിലും നാട്ടുകാർക്ക് ഭീഷണിയായി ക്വാറി പ്രവർത്തിക്കുന്നുണ്ട്.
നൂറിലധികം കുടുംബങ്ങൾ ഈ ക്വാറിയുടെ ഭീഷണിയിലും കഴിയുന്നുണ്ട്. ബാലുശ്ശേരി വില്ലേജ് ഓഫിസർ സംഭവസ്ഥലം സന്ദർശിച്ചു. തഹസിൽദാർക്കും ജിയോളജി വകുപ്പിനും ഉടൻ റിപ്പോർട്ട് നൽകുമെന്നും വില്ലേജ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.