ബാലുശ്ശേരി: വില്ലേജ് ഓഫിസർ നൽകേണ്ട സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിക്കുന്ന സംഘം ബാലുശ്ശേരി, നന്മണ്ട മേഖലകളിൽ വിലസുന്നു.
വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫിസർ നൽകേണ്ട കൈവശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, സർട്ടിഫിക്കറ്റ് തുടങ്ങിയവ സ്വന്തമായി നിർമിച്ച് ഓഫിസ് ആവശ്യങ്ങൾക്ക് നൽകുന്നതായാണ് പരാതി ഉയർന്നത്. ഉണ്ണികുളം എം.എം പറമ്പ് വാഴയിൽ ജമീല അബൂബക്കർ കെ.എസ്.എഫ്.ഇ കല്ലായി ബ്രാഞ്ചിൽ ചിട്ടി ലോൺ ജാമ്യത്തിനായി നൽകിയ ബാലുശ്ശേരി വില്ലേജ് ഓഫിസറുടെ കൈവശാവകാശ സർട്ടിഫിക്കറ്റും ലൊക്കേഷൻ സ്കെച്ചുമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.
ജൂലൈ ഒന്നിന് 28681764 നമ്പർ പ്രകാരമുള്ള കൈവശാവകാശ സർട്ടിഫിക്കറ്റും ജൂലൈ ആറിന് നൽകിയ ലൊക്കേഷൻ സ്കെച്ചുമാണ് വില്ലേജ് ഓഫിസറുടെ വ്യാജ ഡിജിറ്റൽ ഒപ്പും സീലും സഹിതം വ്യാജമായി നിർമിച്ചിട്ടുള്ളത്. ലൊക്കേഷൻ സ്കെച്ചിൽ സ്ഥലത്തിന്റെ അതിരുകൾ പലയിടത്തും തെറ്റായാണ് കാണിച്ചിട്ടുള്ളത്.
കെ.എസ്.എഫ്.ഇ കല്ലായി ബ്രാഞ്ചിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് ബാലുശ്ശേരി വില്ലേജ് ഓഫിസറെ ബന്ധപ്പെട്ട് അന്വേഷിക്കുകയായിരുന്നു.
കൈവശ സർട്ടിഫിക്കറ്റിലെ ഡിജിറ്റൽ ഒപ്പും പേരും വ്യാജമാണ്. സബീന എന്ന പേരിലാണ് വില്ലേജ് ഓഫിസറുടെ ഒപ്പിട്ടിരിക്കുന്നത്. ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് ബാലുശ്ശേരി വില്ലേജ് ഓഫിസർ പറഞ്ഞു. നന്മണ്ട വില്ലേജിലും ബാലുശ്ശേരി വില്ലേജിലും ഭൂമിയുള്ള ജമീല അബൂബക്കർ ഗൾഫിലേക്ക് പോകുംമുമ്പ് ചിട്ടി ലോൺ കാര്യവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി മുക്ത്യാർ കൊടുത്തിരുന്നു. മുക്ത്യാരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് സംശയിക്കുന്നത്.
വില്ലേജ് ഓഫിസറുടെ ഓൺലൈൻ സർട്ടിഫിക്കറ്റിന്റെ ഫോട്ടോ കോപ്പിയിൽ പേര് മാറ്റംവരുത്തിയും ലൊക്കേഷൻ സർട്ടിഫിക്കറ്റിൽ വ്യാജ റബർ സീൽ പതിച്ചുമാണ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയതെന്നാണ് സംശയിക്കുന്നത്. ഇതിൽ ക്യു.ആർ കോഡ് ആക്ടിവാകില്ല. സർട്ടിഫിക്കറ്റ് നമ്പറും തെറ്റായിരിക്കും.
നന്മണ്ട വില്ലേജിലും കോഴിക്കോട് കസബ വില്ലേജിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടന്നതായി സൂചനയുണ്ട്. ബാലുശ്ശേരി വില്ലേജ് ഓഫിസറുടെ പരാതിയിൽ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.