ബാലുശ്ശേരി: കക്കയം ഡാം സൈറ്റിലെ ഹൈഡൽ ടൂറിസം സെന്റർ പ്രവർത്തനം തുടങ്ങി. കക്കയത്ത് കൃഷിയിടത്തിൽ കർഷകനെ കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് ആറു മുതൽ അടച്ചിട്ടതായിരുന്നു. ഡാമിൽ ജലനിരപ്പ് കുറവാണെങ്കിലും വിനോദ സഞ്ചാരികൾക്കുള്ള ബോട്ടിങ് സർവിസും തുടങ്ങിയിട്ടുണ്ട്.
ബാണാസുര സാഗർ ഡാമിൽനിന്നു ടണൽ മാർഗം കക്കയം ഡാമിലേക്ക് ദിനേന ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറഞ്ഞതും കക്കയം ഡാമിൽ ജലനിരപ്പ് കുറയാൻ കാരണമായിരുന്നു. ഒഴിവുദിവസമായ മേയ് ഒന്നിന് നൂറിലധികം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത്. ടൂറിസം സെന്റർ തുറക്കുന്നത് നീണ്ടതോടെ ജീവനക്കാരെ വയനാട് ഹൈഡൽ ടൂറിസം സെന്ററിലേക്ക് തൽക്കാലം മാറ്റിയിരുന്നു. വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ തുറക്കുന്നതിൽ ഇനിയും തീരുമാനമായിട്ടില്ല.
ആദിവാസികളടക്കമുള്ള ഇവിടത്തെ ഇക്കോ ടൂറിസം ജീവനക്കാർക്ക് ജോലിയും കൂലിയുമില്ലാതായിട്ട് മൂന്നു മാസത്തോളമായി. കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് കലക്ടറെ ബോധിപ്പിച്ചതിനാൽ ഇക്കോ ടൂറിസം സെന്റർ തുറന്നു പ്രവർത്തിക്കാൻ ജില്ല കലക്ടർ അനുമതി നൽകിയിട്ടില്ല.
കക്കയം ഡാം സൈറ്റിനടുത്തുള്ള ഉരക്കുഴി വെള്ളച്ചാട്ടവും തൂക്കുപാലവും അടങ്ങിയ ടൂറിസം മേഖല വനം വകുപ്പിനു കീഴിലാണ്. ഡാമിൽനിന്ന് മൂന്നു കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചു വേണം ഇവിടെയെത്താൻ. അതുകൊണ്ട് വിനോദസഞ്ചാരികളെ കടത്തിവിടുന്നത് അപകടകരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.