ബാലുശ്ശേരി: കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് ഒരു മാസമായി അടച്ചിട്ട കക്കയം ഡാം സൈറ്റ് ഹൈഡൽ ടൂറിസം പാർക്ക് സഞ്ചാരികൾക്ക് തുറന്നുകൊടുത്തു. കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വെള്ളിയാഴ്ച മുതൽ തുറക്കാൻ തീരുമാനമായത്.
കഴിഞ്ഞമാസം 20ന് വിനോദസഞ്ചാരികളായ അമ്മക്കും മകൾക്കും ഡാംസൈറ്റിനടുത്തുള്ള ഹൈഡൽ ചിൽഡ്രൻസ് പാർക്കിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഇതേത്തുടർന്നായിരുന്നു ഡാംസൈറ്റിലെ ടൂറിസം കേന്ദ്രം അടച്ചിട്ടത്. വനം വകുപ്പിന് കീഴിൽ വനമേഖലയോട് ചേർന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള സന്ദർശകരുടെ പ്രവേശനം സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമേ അനുവദിക്കൂ. എന്ന് തുറക്കാൻ പറ്റുമെന്ന് ഒരാഴ്ചക്കുള്ളിൽ വനംവകുപ്പ് അറിയിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈഡൽ ടൂറിസം സെന്ററിലെ സുരക്ഷിതത്വം ആവശ്യമായ ഗാർഡുകളെ നിയോഗിച്ച് ഉറപ്പാക്കണമെന്നും ഇതു സംബന്ധിച്ച് വിളിച്ചുചേർത്ത യോഗത്തിൽ എം.എൽ.എ നിർദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി രണ്ട് വനം വകുപ്പ് വാച്ചർമാരെ ഹൈഡൽ ടൂറിസത്തിനായി താൽക്കാലികമായി വിട്ടുനൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്കുശേഷം ഡാം സൈറ്റിലേക്ക് സഞ്ചാരികൾ വന്നുതുടങ്ങി.
ജില്ലക്കകത്തും പുറത്തുനിന്നുമായി ഒഴിവുദിവസങ്ങളിൽ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. വയലട ഹിൽ ടോപ് സെന്റർ, കരിയാത്തുംപാറ റിസർവോയർ തീരം, തോണിക്കടവ് വാച്ച് ടവർ എന്നിവയും കക്കയം ടൂറിസം സർക്യൂട്ടിനൊപ്പമുള്ള സന്ദർശക കേന്ദ്രങ്ങളാണ്.
യോഗത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വാർഡ് മെംബർ ഡാർളി പുല്ലംകുന്നേൽ, ജെസി കരിമ്പനക്കൽ, കെ.ജി. അരുൺ, സണ്ണി വട്ടത്തറ, സുനിൽ പാറപ്പുറം, മുജീബ് കോട്ടാല, ജനറേഷൻ എക്സിക്യൂട്ടിവ് എൻജിനിയർ സലീം നടുപ്പറമ്പിൽ, ഡാം സേഫ്റ്റി അസി. എൻജിനീയർ ശ്രീറാം, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ വിജിത്ത്, ഹൈഡൽ ടൂറിസം മാനേജർ ശിവദാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.