ബാലുശ്ശേരി: മിഥിലാജിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ ഒന്നടങ്കം ഉറക്കമിളച്ച് കാത്തിരുന്ന 20 മണിക്കൂറുകൾക്കു ശേഷം. ബാലുശ്ശേരി കോട്ടനട മഞ്ഞപ്പുഴയിൽ തിങ്കളാഴ്ച വൈകീട്ട് കുളിക്കുന്നതിനിടെ കാണാതായ ഉണ്ണൂലുമ്മൽകണ്ടി മിഥിലാജിനെ കണ്ടെത്താനായി നാട്ടുകാരും സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷാസേനയും തിങ്കളാഴ്ച വൈകീട്ടുതന്നെ മഞ്ഞപ്പുഴയുടെ ആറാളക്കൽ ഭാഗത്തേക്ക് എത്തിയത് കോരിച്ചൊരിഞ്ഞ മഴയെപ്പോലും വകവെക്കാതെയായിരുന്നു.
ചൊവ്വാഴ്ച രാവിലെയും തിരച്ചിൽ സജീവമാക്കി. നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും എത്തി. കൂരാച്ചുണ്ട് റെസ്ക്യു സംഘവും ഓമശ്ശേരിയിലെ കർമ, ഹെൽത്ത് ഫൗണ്ടേഷൻ എന്നീ സംഘടനകളിലെ സന്നദ്ധ പ്രവർത്തകരും തിരച്ചിലിനു കൂടി. ദേശീയ ദുരന്ത നിവാരണ സേനയിലെ 26ഓളം വരുന്ന അംഗങ്ങളും ട്യൂബ് ബോട്ടുകളും തോണിയുമായി മഞ്ഞപ്പുഴയിലിറങ്ങി.
മുങ്ങൽ വിദഗ്ധർ പുഴയുടെ പല ഭാഗങ്ങളിലും മുങ്ങിത്തപ്പിയിട്ടും മിഥിലാജിനെ കണ്ടെത്താനായില്ല. അവസാനം കൂരാച്ചുണ്ട് റെസ്ക്യൂ ടീമിന്റെ അണ്ടർവാട്ടർ കാമറ ഉപയോഗിച്ച് തിരച്ചിൽ തുടങ്ങി. കുളിക്കാനിറങ്ങിയ ഭാഗത്തുനിന്നും 200 മീറ്റർ മാറി കൈതക്കുണ്ടിലെ വേരിൽ കുടുങ്ങിയ നിലയിൽ മിഥിലാജിന്റെ പുറം ഭാഗം കാമറയിൽ പതിഞ്ഞപ്പോൾ സമയം ഉച്ചകഴിഞ്ഞ് മൂന്നായിരുന്നു. അഗ്നിരക്ഷാസേനയും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
കെ.എം. സചിൻ ദേവ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ രൂപലേഖ കൊമ്പിലാട്, വി.എം. കുട്ടികൃഷ്ണൻ, ബാലുശ്ശേരി പൊലീസ് എസ്.ഐ പി. റഫീഖ്, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവരും സ്ഥലത്തെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. തുടർന്ന് ബാലുശ്ശേരി മുക്ക് ജുമ മസ്ജിദിൽ ഖബറടക്കും.
തെങ്ങുകയറ്റ തൊഴിലാളിയായ അബ്ദുൽ നസീറിന്റെയും - നജ്മയുടെയും മകനായ മിഥിലാജ് ഐ.ടി.ഐ പൂർത്തിയാക്കിയിട്ടുണ്ട്. നല്ലൊരു ഫുട്ബാൾ കളിക്കാരൻ കൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.