ബാലുശ്ശേരി: എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചെന്നാരോപിച്ച് പാലോളി മുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ജിഷ്ണുരാജിനെ ആൾക്കൂട്ടം മർദിച്ച കേസിൽ കുരുടമ്പത്ത് സുബൈറിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ജിഷ്ണുരാജിനെ ആൾക്കൂട്ടം മർദിക്കുന്ന വിഡിയോയിൽ സുബൈറിനെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുസ്‍ലിം ലീഗ് പ്രവർത്തകനായ സുബൈറിനെ ബന്ധുവീട്ടിൽ വെച്ചാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ചു പേർ പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലായിട്ടുണ്ട്. മുസ്‍ലിം ലീഗ് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അറസ്റ്റിലായവർ. കണ്ടാലറിയാവുന്ന 20 പേരടക്കം 30 ആളുകളുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകരാരും പൊലീസ് പിടിയിലായിട്ടില്ല. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത നജാസ് ഫാരിസ് ഡി.വൈ.എഫ്.ഐ യുടെ ഭാഗമല്ലെന്നാണ് നേതാക്കൾ പറയുന്നത്. ഇയാളുടെ മൊഴിയെ തുടർന്നായിരുന്നു ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിന് ജിഷ്ണു രാജിനെതിരെ പൊലീസ് കേസെടുത്തത്. നജാസ് ഫാരിസിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇടതു അനുകൂല നിലപാടുകളാണ് ഏറെയുമുള്ളത്.
അറസ്റ്റിലായ മുസ്‍ലിം ലീഗ് പ്രവർത്തകർക്കും സംഭവവുമായി ബന്ധമില്ലെന്നും നിരപരാധികളാണെന്നുമാണ് ലീഗ് നേതാക്കൾ പറയുന്നത്. റിമാൻഡിലായ മുഹമ്മദ് ഇജാസിന് വെൽഫെയർ പാർട്ടിയുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നും സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുകയാണെന്നും ജില്ല പ്രസിഡന്റ് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടിയാണ് ആൾക്കൂട്ട മർദനത്തിന് പിന്നിലെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് അന്വേഷണ ചുമതലയുള്ള പേരാമ്പ്ര ഡിവൈ.എസ്.പി ജയൻ ഡൊമിനിക് പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ യുവജന റാലിയും പൊതുയോഗവും നടത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് പാലോളി മുക്കിലും പ്രതിഷേധ റാലിയും പൊതുയോഗവും നടന്നു. പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.