എകരൂൽ: ശബരിമല ദർശനത്തിനിടെ കാണാതായ വയോധികനെ 18 ദിവസമായിട്ടും കണ്ടെത്താനായില്ല. ഉണ്ണികുളം ഇയ്യാട് കപ്പുറം ഉളിക്കുന്നുമ്മൽ മൂത്തോറനെയാണ് (74) സന്നിധാനത്തുവെച്ച് ജനുവരി ഒന്നിന് പുലർച്ചെ കാണാതാവുന്നത്.
ഭാര്യക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം 33 അംഗ സംഘത്തിലാണ് ഇവർ തീർഥാടനത്തിനു പോയത്. കൂട്ടംതെറ്റി മൂത്തോറനെ സന്നിധാനത്തുവെച്ച് കാണാതാവുകയായിരുന്നു. പിന്നീട് ബന്ധുക്കളും മറ്റും സന്നിധാനത്തും പമ്പയിലും പരിസരങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, പമ്പയിലും ബാലുശ്ശേരിയിലും പൊലീസ് സ്റ്റേഷനുകളിൽ കുടുംബം പരാതി നൽകി.
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പട്ടികജാതി കുടുംബമാണ് മൂത്തോറന്റേത്. ഭാര്യയും രണ്ടു പെൺമക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. ഒരാഴ്ച മുമ്പ് കുടുംബാംഗങ്ങൾ വീണ്ടും സന്നിധാനത്തും പരിസരങ്ങളിലും പോയി തിരച്ചിൽ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്ന് മകൾ വിജില പറഞ്ഞു. അച്ഛനെ കണ്ടെത്താൻ തങ്ങളെ സഹായിക്കാൻ ആരുമില്ലെന്നും പ്രശ്നത്തിൽ ഗൗരവമായി ഇതുവരെ ആരും ഇടപെട്ടിട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്.
ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കുമ്പോൾ പമ്പ സ്റ്റേഷനിൽ ബന്ധപ്പെടാനാണ് പറയുന്നതെന്നും ഇടക്കിടെ പമ്പയിൽ പോയി അന്വേഷിക്കാനോ തിരച്ചിൽ നടത്താനോ തങ്ങൾക്ക് സാമ്പത്തികശേഷിയോ മറ്റു സൗകര്യങ്ങളോ ഇല്ലെന്നും കുടുംബം പറയുന്നു. ഇനിയെങ്കിലും അധികൃതർ ഇടപെട്ട് മൂത്തോറനെ കണ്ടെത്താൻ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.