ബാലുശ്ശേരി: സഹോദരങ്ങളായ വിദ്യാർഥികൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. എരമംഗലം എ.യു.പി സ്കൂളിലെയും ജി.എൽ.പി സ്കൂളിലെയും സഹോദരങ്ങളായ വിദ്യാർഥികൾ ഏറെക്കാലമായി ജീർണാവസ്ഥയിലായ വീട്ടിലാണ് കഴിഞ്ഞിരുന്നത്. കൂലിപ്പണിക്കാരായ രക്ഷിതാക്കൾക്കാകട്ടെ സുരക്ഷിതമായ വീടെന്നത് വിദൂരസ്വപ്നം മാത്രമായിരുന്നു.
കുട്ടികളുടെ ജീവിതസാഹചര്യം മനസ്സിലാക്കിയ അധ്യാപകർ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി രംഗത്തിറങ്ങിയതോടെ ഈ കുടുംബത്തിന്റെ ചിരകാലാഭിലാഷമാണ് പൂർത്തീകരിച്ചത്. അധ്യാപകരുടെ കാഴ്ചപ്പാടിൽനിന്നും ഉയർന്നുവന്ന ആശയമായ 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ടി.എ ബാലുശ്ശേരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകുന്നത്.
നാല് സെന്റ് സ്ഥലത്ത് 8.50 ലക്ഷം രൂപ ചെലവാക്കി നിർമിച്ച വീടിനുള്ള തുക കണ്ടെത്തിയത് ബാലുശ്ശേരി ഉപജില്ലയിലെ അധ്യാപകരിൽനിന്നും വിരമിച്ച അധ്യാപകരിൽനിന്നുമാണ്.
നിർമാണ പ്രവൃത്തിയിലും അധ്യാപകർ പങ്കാളികളായി. കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ ജില്ലയിൽ 10 വീടുകളുടെ പ്രവൃത്തി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും വീടിന്റെ താക്കോൽദാനവും 10ന് വൈകീട്ട് അഞ്ചിന് ബാലുശ്ശേരി കുന്നക്കൊടിയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കെ.എം. സച്ചിൻ ദേവ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും.
കെ.എസ്.ടി.എ ജില്ല പ്രസിഡന്റ് എൻ. സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ കൈമാറൽ ഇസ്മായിൽ കുറുമ്പൊയിൽ നിർവഹിക്കുമെന്നും സംഘാടക സമിതി ചെയർമാൻ രൂപലേഖ കൊമ്പിലാട്, കെ. ഷാജി, പി.കെ. ഷിബു, എസ്. ബിനോയ്, പി.എം. സോമൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.