ബാലുശ്ശേരി: പരാധീനതകളിൽ വീർപ്പുമുട്ടി വയലട മണിച്ചേരി ആദിവാസി കോളനിവാസികൾ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ട മണിച്ചേരി പ്രദേശം സമുദ്രനിരപ്പിൽനിന്ന് 1500 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
മൂന്നു കുടുംബങ്ങൾക്കായി 2015ലാണ് ട്രൈബൽ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു വീടുകൾ നിർമിച്ചു നൽകിയത്. ഇപ്പോൾ മൂന്നു വീടുകളിലായി 25ഓളം അംഗങ്ങൾ തിങ്ങിപ്പാർക്കുകയാണ്.
കോളനിവാസികൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത് കുടിവെള്ളമാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് കിലോമീറ്ററോളം ദൈർഘ്യത്തിൽ ഓസിട്ട് പ്ലാസ്റ്റിക് ടാങ്കുകളിൽ വെള്ളം ശേഖരിച്ചു വെച്ചാണ് കോളനിക്കാർ ഉപയോഗിക്കുന്നത്.
വേനൽക്കാലമാകുന്നതോടെ വെള്ളം വറ്റിയാൽ ഇവിടേക്കുള്ള കുടിവെള്ള വിതരണവും സ്തംഭിക്കും. പിന്നെ കിലോമീറ്ററുകൾ താണ്ടിവേണം വെള്ളമെത്തിക്കാൻ. കോളനിക്കാർക്ക് കുഴൽ കിണർ നിർമിച്ചു നൽകാൻ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചതല്ലാതെ നടപ്പായിട്ടില്ല. ജൽജീവൻ പദ്ധതിയിലും കോളനിക്ക് നറുക്ക് വീണിട്ടില്ല. 6 ലക്ഷത്തോളം ചെലവിട്ട് നിർമിച്ച മൂന്നു വീടുകളുടെയും കരിങ്കൽ തറ സിമന്റിട്ട് പോയന്റ് ചെയ്യാത്തതിനാൽ പാമ്പുകളടക്കമുള്ള ഇഴജന്തുക്കൾ വീടിന് ചുറ്റുമായുണ്ട്. കോളനിയിലേക്ക് വഴിയുമില്ല.
കോളനിയിൽ പ്ലസ് ടു പഠിക്കുന്നതടക്കം നാല് വിദ്യാർഥികൾക്ക് കല്ലാനോട്ടെ സ്കൂളിലെത്താൻ ഏറെ പ്രയാസപ്പെടേണ്ടതുണ്ട്. ഗോത്രസാരഥി പദ്ധതി പ്രകാരമുള്ള വാഹനം വയലടയിലാണ് നിർത്തുക. മണിച്ചേരിയിൽനിന്ന് വയലടയിലേക്ക് മൂന്നു കിലോമീറ്ററോളം നടക്കേണ്ട അവസ്ഥയാണ്.
സൗജന്യ റേഷനാണെങ്കിലും അത് വാങ്ങണമെങ്കിൽ തലയാട്ടോ കല്ലാനോടോ പോകണം. 300 രൂപ വാഹന ചാർജുണ്ടെങ്കിലേ റേഷൻ പോയി വാങ്ങാൻ പറ്റൂ എന്നതാണവസ്ഥ. ട്രൈബൽ പ്രമോട്ടർമാർ ഉണ്ടെങ്കിലും കോളനിയിലക്ക് ഇവർ എത്തിനോക്കാറില്ല. എത്തിപ്പെടാനുള്ള അസൗകര്യമാണ് കാരണം.
നേരത്തേ 10ഓളം കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇവിടത്തെ കുടുംബങ്ങളെ മുതുകാട് വനത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നെങ്കിലും അവിടെ പണിയൊന്നുമില്ലാത്തതിനാൽ ചില കുടുംബങ്ങൾ മണിച്ചേരിയിലേക്കുതന്നെ തിരിച്ചുവരികയായിരുന്നു. അവരാണ് കഷ്ടപ്പെട്ടും ദുരിതമനുഭവിച്ചും ഈ മലമുകളിൽ കഴിഞ്ഞുകൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.