ബാലുശ്ശേരി: മഴ കുറഞ്ഞതോടെ കക്കയം ഡാമിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നത് വൈദ്യുതി ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.
ജലനിരപ്പ് കുറഞ്ഞതോടെ 0.869 മില്യൺ യൂനിറ്റ് വൈദ്യുതി മാത്രമാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. കേന്ദ്രത്തിലെ അഞ്ച് ജനറേറ്ററും പ്രവർത്തിക്കുമ്പോൾ 4.8 മില്യൺ യൂനിറ്റ് വരെ വൈദ്യുതി ഉൽപാദനം നടന്നിരുന്നു. മഴ കുറഞ്ഞത് വൈദ്യുതി ഉൽപാദനത്തിന്റെ കാര്യത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കാനിടയാക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 748.89 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 755.08 മീറ്ററായിരുന്നു ജലനിരപ്പ്.
നിലവിലെ സംഭരണശേഷിയുടെ 40.16 ശതമാനം (13.65 എം.സി.എം) വെള്ളമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഇതേസമയം സംഭരണശേഷിയുടെ 78.25 ശതമാനം (26.59 എം.സി.എം) വെള്ളം ലഭിച്ചിരുന്നു. ബാണാസുര ഡാമിൽനിന്ന് കക്കയം വാലിയിലേക്ക് ടണലിലൂടെ ജലമൊഴുക്ക് തടഞ്ഞിരിക്കുകയാണ്. ബാണാസുര സാഗറിന്റെ വെള്ളത്തെ ആശ്രയിച്ചാണ് കക്കയം ഡാമിന്റെ പ്രവർത്തനം നടക്കുന്നത്.
ബാണാസുര സാഗറിന്റെ നിലവിലെ സംഭരണശേഷി 775.60 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 768.85 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 774.35 മീറ്ററായിരുന്നു ജലനിരപ്പ്. ജലവൈദ്യുതി പദ്ധതിയിൽ മഴക്കുറവ് നിമിത്തം ഉൽപാദനം ദിവസേന ഗണ്യമായി കുറയുന്നത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. ഡാമിലെ 0.614 മില്യൺ ക്യുബിക് മീറ്റർ ജലം ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം 0.869 മില്യൺ യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചത്. മുൻവർഷത്തേക്കാൾ 63.91 ശതമാനം ഉൽപാദനം കുറവാണ്. സംസ്ഥാനത്തെ പ്രധാന ജലവൈദ്യുതി പദ്ധതിയായ കക്കയത്ത് മഴ കുറഞ്ഞതിനാൽ ഉൽപാദനം ദിവസേന ഗണ്യമായി കുറയുന്നത് വൻ വൈദ്യുതി പ്രതിസന്ധിക്കുതന്നെ കാരണമാകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
കഴിഞ്ഞ രണ്ടു മാസവും മഴ കുറവായതാണ് ജലനിരപ്പ് കുറയാൻ ഇടയാക്കിയത്. മൂന്നിൽ രണ്ടു ഭാഗം വെള്ളമേ ഡാമിൽ ഇപ്പോഴുള്ളൂ. ഓണാഘോഷ വേളയിൽ നിരവധി സഞ്ചാരികളെത്തുന്ന കക്കയം ഡാമിലെ കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസം ബോട്ട് സർവിസിനെയും ജലനിരപ്പ് കുറഞ്ഞത് പ്രതികൂലമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.