ബാലുശ്ശേരി: ഹരീഷിെൻറ അവസരോചിതമായ ധീരതയിൽ രക്ഷപ്പെട്ടത് ഒരു കുടുംബത്തിലെ മൂന്ന് ജീവൻ. മഞ്ഞപ്പുഴയിലെ കുത്തൊഴുക്കിലകപ്പെട്ട മൂന്നുപേരെ രക്ഷിച്ച മധുര അഴകനല്ലൂർ സ്വദേശി ഹരീഷ് നാടിെൻറ അഭിമാനമായി. കഴിഞ്ഞ ദിവസം ബാലുശ്ശേരി പഴയ മഞ്ഞപ്പാലത്തിനടുത്ത് പുഴയിലാണ് അപകടം സംഭവിച്ചത്.
വടകര മടപ്പള്ളി തെരു പറമ്പത്ത് സദാനന്ദെൻറ ഭാര്യ മിനിയും സഹോദരെൻറ മകൻ വിനയ് മോഹനുമാണ് പുഴയിൽ ഒഴുക്കിൽപെട്ടത്. മഞ്ഞപ്പാലത്ത് കുമ്മിണിയോട്ടുളള അമ്മയെ കാണാനെത്തിയതായിരുന്നു മിനിയും കുടുംബവും. തുടർച്ചയായി മഴ പെയ്തതിനാൽ വീടിനടുത്തുള്ള മഞ്ഞപ്പുഴയിൽ വെള്ളം കയറിയിരുന്നു.
ഇതു കാണാനായാണ് മിനിയും കുടുംബാംഗങ്ങളും പുഴക്കരയിലെത്തിയത്. പുഴക്കടവിലെ പടവിൽ നിൽക്കുന്നതിനിടെ മിനിയും സഹോദരെൻറ മകൻ വിനയ് മോഹനും ഒഴുക്കിൽപെടുകയായിരുന്നു. സമീപത്തു കുളിക്കുകയായിരുന്ന സഹോദരപുത്രൻ അക്ഷയ് ലാൽ ഉടൻ തന്നെ നീന്തിയെത്തി ഇരുവരെയും പിടിച്ചെങ്കിലും മിനി വഴുതിപ്പോവുകയായിരുന്നു.
ഒഴുക്കിൽപെട്ട മിനിയുടെ വസ്ത്രം കാലിൽ ചുറ്റിയതോടെ കൂടുതൽ അവശയുമായി. വിനയിനെ പിടിച്ചുനീന്താൻ ശ്രമിച്ച അക്ഷയ് ലാലും ഇതിനിടെ ക്ഷീണിതനായി. കരയിലുണ്ടായിരുന്ന പെൺകുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ ഹരീഷ് പുഴയിലെ കുത്തൊഴുക്കിലേക്ക് എടുത്തുചാടി ആദ്യം മിനിയെയും പിന്നീട് വിനയ് മോഹനെയും അക്ഷയ് ലാലിനെയും കരക്കെത്തിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ ഹരീഷ് മലപ്പുറം കൊണ്ടോട്ടിയിലാണിപ്പോൾ താമസിക്കുന്നത്. വർഷങ്ങൾക്കുമുമ്പേ മധുരയിൽ നിന്നും എത്തിയതാണ് ഹരീഷിന്റെ കുടുംബം. മഞ്ഞപ്പാലത്ത് താമസിക്കുന്ന സഹോദരെൻറ വീട്ടിൽ എത്തിയതായിരുന്നു. ഹരീഷിനോടുള്ള കടപ്പാട് മറക്കാൻ കഴിയില്ലെന്നാണ് മിനിയുടെ കുടുംബത്തോടൊപ്പം നാട്ടുകാരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.