ബാലുശേരി: നവീകരിച്ച സംസ്ഥാനപാത കുരുതിക്കളമാകുന്നു. കൊയിലാണ്ടി - താമരശേരി സംസ്ഥാനപാത നവീകരിച്ചതോടെ റോഡിൽ അപകട മരണങ്ങളും വർധിച്ചു.
കോക്കല്ലൂർ പാറക്കുളം വളവിൽ ചൊവ്വാഴ്ച രാവിലെ സ്കൂട്ടറിൽ ലോറിയിടിച്ച് പരിക്കേറ്റ ദമ്പതികളായ താമരശ്ശേരി കോരങ്ങാട്ട് വട്ടപ്പൊയിൽ അഖിലും (32) ഭാര്യ വിഷ്ണുപ്രിയയും (26) ബുധനാഴ്ച മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്ഥാനപാത നവീകരിച്ചതിനു ശേഷം ആറുപേരാണ് ബാലുശ്ശേരി, ഉള്ളിയേരി ഭാഗങ്ങളിൽപെട്ട സംസ്ഥാനപാതയിൽ മാത്രം അപകടത്തിൽ മരിച്ചത്. ബാലുശ്ശേരി - താമരശ്ശേരി ഭാഗത്ത് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ അപകടത്തിൽ മരിച്ചത് ഏഴുപേരാണ്. നിരവധി പേർക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം അപകടം നടന്ന പാറക്കുളം വളവ് അപകട മേഖലയാണ്. ഇവിടെ ഒരു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. അപകടവളവെന്ന് കീർത്തികേട്ട കരുമല വളവിലും ഇതേ രീതിയിൽ വാഹനങ്ങൾ അമിത വേഗത്തിൽ വന്ന് അപകടത്തിൽപെടുകയായിരുന്നു. ഇവിടെയും അപകടങ്ങൾ തുടർക്കഥയാണ്. കാലവർഷം ആരംഭിച്ചതോടെ നവീകരണം കഴിഞ്ഞ റോഡിൽ നിന്ന് വാഹനങ്ങൾ തെന്നി മറിയുന്നതായും ഡ്രൈവർമാർ പറയുന്നു. വെള്ളിയാഴ്ച ഉള്ളിയേരി 19ൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച കരുമല വളവിൽ ജീപ്പ് റോഡിൽ നിന്ന് തെന്നി കലുങ്കിലിടിച്ച് ആറു പേർക്കും പരിക്കേറ്റു.
സ്കൂട്ടറിൽ ലോറിയിടിച്ച് ദമ്പതികളുടെ മരണത്തിനിടയായ സംസ്ഥാന പാതയിലെ കോക്കല്ലൂർ പാറക്കുളം ഭാഗത്തെ അപകട വളവ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.