നന്മണ്ട (കോഴിക്കോട്): കാക്കൂർ-നന്മണ്ട ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുക്കുന്നുമലയിലേക്ക് സന്ദർശകരുടെ നിലക്കാത്ത പ്രവാഹം. അവധി ദിനങ്ങൾ ചെലവഴിക്കാനാണ് യുവാക്കൾ മലമുകളിലെത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശക പ്രവാഹത്തിന് അധികൃതർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പുക്കുന്നു മലയിലേക്കുള്ള ആളുകളെ നിയന്ത്രിക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
മലയുടെ ഇരുഭാഗങ്ങളും ജനവാസ കേന്ദ്രങ്ങളാണ്. അതാണ് അപരിചിതരായ സന്ദർശകരുടെ കടന്നുകയറ്റത്തിൽ നാട്ടുകാരിൽ ആശങ്ക പടർത്തുന്നത്. രോഗമുള്ളവരാണോ രോഗം ഭേദമായവരാണോ സന്ദർശകരായി എത്തുന്നതെന്നറിയില്ല. പരിസരവാസികളാരെങ്കിലും ചോദ്യം ചെയ്താൽ അവരോട് കയർക്കുന്ന സംഘവുമുണ്ട്. ഈ മലമുകളിലെത്തിയാൽ കാപ്പാട്, കോഴിക്കോട് ബീച്ച് എന്നിവ കാണാൻ കഴിയും.
സൂര്യാസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ്. ഈ അപൂർവ കാഴ്ച കണ്ടാസ്വദിക്കാനാണ് വിദ്യാർഥികളും യുവാക്കളും മലകയറി എത്തുന്നത്. കാക്കൂർ പതിനൊന്നെ നാലിൽനിന്ന് ജിയോളജിക്കൽ റോഡ് വഴിയും നന്മണ്ട കരുണാറാം സ്കൂൾ റോഡ് വഴിയും ചീക്കിലോട് മാപ്പിള സ്കൂൾ റോഡ് വഴിയുമാണ് പുക്കുന്നു മലയിലെത്തുന്നത്.
കോവിഡ് കാലമായിട്ടും ഇവിടെ യാത്ര നിരോധിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കാൻ കാക്കൂർ ഗ്രാമപഞ്ചായത്തോ നന്മണ്ട ഗ്രാമ പഞ്ചായത്തോ നടപടി കൈക്കൊണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.